Connect with us

kerala

ഒരു പഞ്ചായത്തംഗത്തിന് ലഭിക്കുന്ന ശമ്പളം എത്ര? മറ്റു ആനുകൂല്യങ്ങള്‍ എന്തൊക്കെ എന്നറിയാം

ജനസേവനത്തിനുള്ള അവസരമായാണ് ഈ സ്ഥാനലബ്ധിയെ പലരും കാണുന്നത്. അതേസമയം ഇവര്‍ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടെന്ന് പ്രചരിപ്പിക്കുന്നവരുമുണ്ട്. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം?

Published

on

സംസ്ഥാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. സ്ഥാനാര്‍ത്ഥികളാവാനുള്ള ഓട്ടത്തിലാണ് പലരും. ജനസേവനത്തിനുള്ള അവസരമായാണ് ഈ സ്ഥാനലബ്ധിയെ പലരും കാണുന്നത്. അതേസമയം ഇവര്‍ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടെന്ന് പ്രചരിപ്പിക്കുന്നവരുമുണ്ട്. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം? ഒരു പഞ്ചായത്ത് അംഗത്തിന് ലഭിക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് ഒന്നു പരിശോധിക്കാം…

ഗ്രാമപ‍ഞ്ചായത്ത്

തദ്ദേശ സംവിധാനത്തിലെ ഏറ്റവും താഴെത്തട്ടിലെ സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റിന് മാസം 13,200 രൂപയാണ് ഓണറേറിയം. വൈസ് പ്രസിഡന്റിന് 10,600 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 8,200 രൂപയുമാണ് ലഭിക്കുക. അംഗങ്ങൾക്ക് 7000 രൂപ മാത്രമാണ് പ്രതിമാസം നല്‍കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 ജനപ്രതിനിധികളുണ്ട്.

ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്രസിഡന്റിന് 14,600 രൂപയും വൈസ് പ്രസിഡന്റിന് 12,000 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 8800 രൂപയുമാണു പ്രതിമാസം ഓണറേറിയം. അംഗങ്ങൾക്ക് 7,600 രൂപയാണ് പ്രതിമാസം അനുവദിക്കുന്നത്. സംസ്ഥാനത്ത് 152 ബ്ലോക്ക് പഞ്ചായത്തുകളാണുള്ളത്. ആകെ 2080 വാര്‍ഡുകളും.

ജില്ലാ പഞ്ചായത്ത്

തദ്ദേശ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഓണറേറിയം ലഭിക്കുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും കോര്‍പറേഷനുകള്‍ക്കുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പ്രതിമാസം 15,800 രൂപയും വൈസ് പ്രസിഡന്റിന് 13,200 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 9,400 രൂപയും അംഗങ്ങൾക്ക് 8800 രൂപയുമാണ് ഓണറേറിയം.

മുനിസിപ്പാലിറ്റി

സംസ്ഥാനത്ത് 86 മുനിസിപ്പാലിറ്റികളും ആകെ 3,078 വാര്‍ഡുകളുമുണ്ട്. മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളിലും വാര്‍ഡ് അംഗങ്ങളെ കൗണ്‍സിലര്‍ എന്നാണ് വിളിക്കുന്നത്. മുനിസിപ്പാലിറ്റിയില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും ഇല്ല, പകരം ചെയര്‍മാനും വൈസ് ചെയര്‍മാനുമാണ്.

ചെയര്‍മാന് 14,600 രൂപയും വൈസ് ചെയര്‍മാന് 12,000 രൂപയുമാണ് പ്രതിമാസം ഓണറേറിയം. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 9400 രൂപയും കൗണ്‍ലിസര്‍മാര്‍ക്ക് 7,600 രൂപയും ലഭിക്കും.

കോര്‍പറേഷന്‍

സംസ്ഥാനത്ത് 6 കോര്‍പറേഷനുകളുണ്ട്. തലസ്ഥാനമായ തിരുവനന്തപുരമാണ് ഏറ്റവും പഴയ കോര്‍പറേഷന്‍. 1962ല്‍ കോഴിക്കോടും 1967ൽ കൊച്ചിയും കോര്‍പറേഷനുകളായി. നീണ്ട 30 വര്‍ഷത്തിന് ശേഷം 2000ത്തില്‍ കൊല്ലവും തൃശൂരും കോര്‍പറേഷനുകളായി. 2015ല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ആയി ഉയര്‍ന്നു.

കോര്‍പറേഷന്‍ മേയര്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ഒരേ ഓണറേറിയമാണ്. 15,800 രൂപ. ഡപ്യൂട്ടി മേയര്‍ക്ക് 13,200 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന് 9,400 രൂപയും കൗണ്‍സിലര്‍ക്ക് 8,200 രൂപയുമാണ് ലഭിക്കുന്നത്.

ഹാജര്‍ ബത്ത

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കും മുനിസിപ്പാലിറ്റികളിലെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവി വഹിക്കുന്നവര്‍ക്കും കോര്‍പറേഷനുകളിലെ മേയര്‍മാര്‍ക്കും ഡപ്യൂട്ടി മേയര്‍മാര്‍ക്കും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കും ഒരു യോഗത്തിന് 250 രൂപ ഹാജര്‍ ബത്ത ലഭിക്കും.

ഒരുമാസം പരമാവധി 1,250 രൂപയാണ് ഹാജര്‍ ബത്തയായി എഴുതിയെടുക്കാനാവുക. ഗ്രാമപഞ്ചായത്ത് മുതല്‍ കോര്‍പറേഷന്‍ വരെയുള്ള സമിതികളിലെ അംഗങ്ങൾക്ക് 200 രൂപയാണ് ഒരു യോഗത്തിന് ഹാജര്‍ ബത്ത. ഇവര്‍ക്ക് പ്രതിമാസം പരമാവധി 1,000 രൂപ എഴുതിയെടുക്കാം.

 

kerala

കേരളത്തില്‍ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ നീട്ടില്ല; ബി.എല്‍.ഒമാര്‍ക്കെതിരായ ഭീഷണിക്ക് കര്‍ശന നടപടി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര്‍ ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ നീട്ടിക്കൊടുക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര്‍ ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ഇനി ചെയ്യാനുള്ളത് ഫോമുകള്‍ തിരികെ ശേഖരിക്കുന്ന നടപടികളെന്നാണ് വിശദീകരണം.

ബൂത്ത് തലത്തില്‍ തന്നെ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഫോമുകള്‍ ശേഖരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവിഭാജ്യ ഘടകമായ ബി.എല്‍.ഒമാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നുണ്ടാകുന്നുവെന്നും ഇത് അനുവദിക്കാനാവില്ലെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബി.എല്‍.ഒമാരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും, അവരുടെ അഭിപ്രായവും പരിഗണിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

എസ്.ഐ.ആര്‍ നടപടിക്രമങ്ങളെ ചോദ്യം ചെയ്തു നല്‍കിയ ഹരജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച ഒരുമിച്ച് പരിഗണിക്കുമെന്നാണ് സൂചന.

എസ്.ഐ.ആര്‍ നടപടിക്രമങ്ങളില്‍ മികച്ചും മാതൃകാപരമായും പ്രവര്‍ത്തിച്ച സംസ്ഥാനത്തെ എല്ലാ ബി.എല്‍.ഒമാരെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭിനന്ദിച്ചു. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതില്‍ ബി.എല്‍.ഒമാരുടെ ഫീല്‍ഡ്-തല പരിശ്രമം നിര്‍ണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

കോതമംഗലത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: സുഹൃത്ത് അറസ്റ്റില്‍

മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

Published

on

കോതമംഗലം: വാരപ്പെട്ടിയില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് ഫ്രാന്‍സിസ് പൊലീസ് പിടിയില്‍. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിലെ സിജോയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഫ്രാന്‍സിസിന്റെ വീട്ടില്‍ സിജോയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടിനകം ചോരപ്പാടുകള്‍ കണ്ടെത്തിയതോടെ പൊലീസിന് സംശയം ശക്തമായി.

തര്‍ക്കത്തിനിടെ ഫ്രാന്‍സിസ് പിക്കാസ് ഉപയോഗിച്ച് സിജോയുടെ തലയില്‍ അടിച്ചതായാണ് പൊലീസിന്റെ നിഗമനം. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതും അതുമായി ബന്ധപ്പെട്ട വിവാദമാണ് മദ്യപാനത്തിനിടെ തര്‍ക്കമായി തുടങ്ങിയത്.

വീട്ടില്‍ വലിയൊരു സംഭവം നടന്നുവെന്ന് പറഞ്ഞ് വിവരം അറിയിച്ചത് ഫ്രാന്‍സിസ് തന്നെയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ സംഭവം കൊലപാതകമാണെന്ന് പൊലീസിന് വ്യക്തമായി.

തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ നിലയില്‍ ചോരവാര്‍ന്ന മൃതദേഹം തുണികൊണ്ട് മൂടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവസമയത്ത് ഫ്രാന്‍സിസ് ലക്കുകെട്ട നിലയിലായിരുന്നുവെന്നും വീട്ടില്‍നിന്ന് മദ്യക്കുപ്പി കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

 

Continue Reading

kerala

ശബരിമല തിരക്ക്: ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൃത്യമായ വിലയിരുത്തലുകള്‍ നടത്തിയെന്നും മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ ഉണ്ടെന്നും പറഞ്ഞിട്ടും ഇത്തരത്തിലുള്ള വീഴ്ചകള്‍ എന്തുകൊണ്ടാണ് ആവര്‍ത്തിക്കുന്നതെന്ന് കോടതി ചോദിച്ചു

Published

on

കൊച്ചി: ശബരിമലയില്‍ ഇന്നലെ ഉണ്ടായ അനിയന്ത്രിതമായ ഭക്തജനത്തിരക്കിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി ശക്തമായ വിമര്‍ശനമുയര്‍ത്തി. ഒരു ഏകോപനവും ഇല്ലേയെന്നും ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു

കൃത്യമായ വിലയിരുത്തലുകള്‍ നടത്തിയെന്നും മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ ഉണ്ടെന്നും പറഞ്ഞിട്ടും ഇത്തരത്തിലുള്ള വീഴ്ചകള്‍ എന്തുകൊണ്ടാണ് ആവര്‍ത്തിക്കുന്നതെന്ന് കോടതി ചോദിച്ചു. പ്രദേശങ്ങളെ സെക്ടറുകളായി വിഭജിച്ച് പരമാവധി ആളുകളെ ഉള്‍ക്കൊള്ളാവുന്ന ശേഷി ശാസ്ത്രീയമായി കണക്കാക്കേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

”നാലായിരം പേരെ മാത്രമേ ഉള്‍ക്കൊള്ളാനാവൂ എന്നിടത്ത് 20,000 പേരെ കയറ്റുന്നത് എന്തിന്, ആളുകളെ തിക്കിത്തിരക്കാന്‍ ശ്രമം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്,” എന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്ഥലപരിമിതി യാഥാര്‍ത്ഥ്യമാണെന്നും അതനുസരിച്ച് ശാസ്ത്രീയമായ ജനനിരന്തരണം വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇത് പൊലീസിന് മാത്രം കൈകാര്യം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ലെന്നും ബോര്‍ഡിന്റെ ഏകോപനക്കുറവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ശബരിമല ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ആറുമാസമായി ചര്‍ച്ചകള്‍ നടന്നിട്ടും ദേവസ്വം ബോര്‍ഡ് ഏകോപനത്തില്‍ പരാജയപ്പെട്ടുവെന്ന സൂചനയാണ് ഇന്നലത്തെ തിരക്കെന്ന് കോടതി നിരീക്ഷിച്ചു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിക്കേണ്ട ഏകോപന പ്രവര്‍ത്തനങ്ങള്‍ അവസാന നാളുകളില്‍ മാത്രമാണ് നടന്നതെന്നും ”തോന്നിയപോലെ ആളുകളെ കയറ്റിവിടുന്ന സമീപനം പൂര്‍ണ്ണമായും തെറ്റാണ്” എന്നും ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചു.

Continue Reading

Trending