ന്യൂഡല്‍ഹി: ഒടുവില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ‘ഡുനോട്ട് ഡിസ്റ്റര്‍ബ്’ ആപ്ലിക്കേഷന്‍ ആപ്പിളിന്റെ ആപ്പ്‌സ്‌റ്റോറിലും ഐഓഎസ് ഉപകരണങ്ങളിലും ഉള്‍പ്പെടുത്തി. ഐഓഎസിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ ഡിഎന്‍ഡി ആപ്പ് ലഭ്യമാവും. 2019 ജനുവരിയോടെ ഡിഎന്‍ഡി ആപ്പ് ആപ്പ്‌സ്‌റ്റോറില്‍ ഉള്‍പ്പെടുത്താന്‍ അനുവദിച്ചില്ലെങ്കില്‍ ഇന്ത്യയിലെ സെല്ലുലാര്‍ നെറ്റ്‌വര്‍ക്കില്‍ നിന്നും ഐഫോണുകളെ വിലക്കുമെന്ന ട്രായ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് വഴങ്ങിയാണ് ആപ്പിളിന്റെ തീരുമാനം.
അനാവശ്യ ഫോണ്‍ വിളികളും സന്ദേശങ്ങളും തടയുന്നതിനും അവയെ നിയന്ത്രിക്കുന്നതിനുമായി ട്രായ് പുറത്തിറക്കിയ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനാണ് ഡു നോട്ട് ഡിസ്റ്റര്‍ബ് ആപ്ലിക്കേഷന്‍(ഡിഎന്‍ഡി). പുതിയ അപ്‌ഡേറ്റ് കഴിഞ്ഞ ആപ്പ് ഇപ്പോള്‍ ഡിഎന്‍ഡി 2.0 എന്ന പേരിലാണുള്ളത്. ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ഗൂഗിള്‍ അനുവാദം നല്‍കിയെങ്കിലും ഐഒഎസ് ഫോണുകളില്‍ ഈ ആപ്പ് ഉപയോഗിക്കാന്‍ ആപ്പിള്‍ സമ്മതം നല്‍കിയിരുന്നില്ല.