ബ്രസല്‍സ്: അഫ്ഗാനിസ്താനില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ നാറ്റോയുടെ തീരുമാനം. നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗാണ് ഇക്കാര്യമറിയിച്ചത്. നാറ്റോയിലെ മുഴുവന്‍ അംഗരാജ്യങ്ങളും ഇക്കാര്യത്തില്‍ താല്‍പര്യം അറിയിച്ചതായും സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലാണ് സെക്രട്ടറി ജന. ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബെര്‍ഗിന്റെ പ്രതികരണം. അയ്യായിരത്തോളം സൈനികരെ അഫ്ഗാനിലേക്ക് അയക്കുമെന്നാണ് സൂചന. എണ്ണത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. അഫ്ഗാന്‍ സുരക്ഷാ സേനക്കൊപ്പമായിരിക്കും പുതുതായി പോകുന്ന നാറ്റോ സൈന്യം പ്രവര്‍ത്തിക്കുക. നിലവില്‍ നാറ്റോയുടെ അംഗരാജ്യങ്ങളുടെ ആറായിരത്തി അറുന്നൂറ് സൈനികരാണ് അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്നത്. അമേരിക്കയുടേത് മാത്രമായി എണ്ണായിരത്തി നാനൂറ് സൈനികര്‍ അഫ്ഗാനിലുണ്ട്.