ഭോപ്പാല്‍: ഒരു മകന്‍ എസ്.എസ്.എല്‍.സിക്ക് പരാജയപ്പെട്ടാല്‍ എന്തായിരിക്കും അച്ഛന്റെ പ്രതികരണം. വഴക്ക്, അടി ഇവയൊക്കെയാണ് ഏതൊരു മകനും ഇത്തരമൊരു സാഹചര്യത്തില്‍ അച്ഛനില്‍ നിന്ന് പ്രതീക്ഷിക്കുക. എന്നാല്‍ മധ്യപ്രദേശിലെ സാഗര്‍ടൗണിലുള്ള ഒരു പത്താംക്ലാസുകാരന് മറിച്ചായിരുന്നു അനുഭവം.

നാല് വിഷയങ്ങളില്‍ പരാജയപ്പെട്ട കുട്ടി ഭയത്തോടെയായിരുന്നു വീട്ടിലെത്തിയത്. എന്നാല്‍ കെട്ടിപ്പിടിച്ചാണ് അച്ഛന്‍ മകനെ സ്വീകരിച്ചത്. കൂട്ടുകാരേയും ബന്ധുക്കളേയും വിളിച്ച് പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തുമാണ് പിതാവ് മകന്റെ തോല്‍വിയോട് പ്രതികരിച്ചത്.

എസ്.എസ്.എല്‍.സി പരാജയം ജീവിതത്തിലെ അവസാന വഴിയല്ലെന്നും ഒരു വഴി അടഞ്ഞാല്‍ ജീവിതത്തില്‍ മറ്റു വഴികള്‍ തീര്‍ച്ചയായും അവന് വേണ്ടി തുറക്കുമെന്ന് ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചതെന്നും അച്ഛന്‍ സുരേന്ദ്ര വ്യക്തമാക്കി. ഇത് തന്റെ മകന് വേണ്ടി മാത്രം ചെയ്ത കാര്യമല്ലെന്നും പരാജയത്തില്‍ വിഷമിക്കുന്ന എല്ലാ അച്ചനമ്മമാര്‍ക്കുമുള്ള സന്ദേശമാണെന്നും സുരേന്ദ്ര പറഞ്ഞു.