കോഴിക്കോട്: സംഘ്പരിവാര്‍ പൊലീസ് കൂട്ടുകെട്ടിനെതിരെ മുസ്്‌ലിംലീഗ് 26ന് ജില്ലകളില്‍ ‘സംരക്ഷണ പോരാട്ടം’ സംഘടിപ്പിക്കും. 25ന് പഞ്ചായത്ത്-മുനിസിപ്പില്‍ ആസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടക്കും. ഇന്ന് ജില്ലാ ഭാരവാഹി യോഗങ്ങള്‍ ചേര്‍ന്ന് പരിപാടിക്ക് രൂപരേഖ തയ്യാറാക്കും.

മുസ്്‌ലിം-ദളിത് സ്വത്വത്തിനെതിരെ ഉത്തരേന്ത്യന്‍ മാതൃകയില്‍ സംഘ്പരിവാര്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് ചൂട്ടുപിടിക്കുകയാണെന്നും സംഘ്പരിവാര്‍ നയത്തിന് അനുസരിച്ച് തുള്ളുന്ന പൊലീസ് ന്യൂനപക്ഷ-ദളിത് വിഭാഗങ്ങളെ ഭീതിയിലാഴ്ത്തുകയാണെന്നും മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

ഭരണഘടനാപരമായ മൗലികാവകാശം പോലും സംസ്ഥാനത്ത് നിഷേധിക്കുമ്പോള്‍ സര്‍ക്കാര്‍ നോക്കിനില്‍ക്കുകയാണ്. സംഘ്പരിവാര്‍ ആജ്ഞാനുവര്‍ത്തികളായി അധഃപതിച്ച ഇടത് സര്‍ക്കാറിന്റെ പൊലീസ് മുസ്്ലിം-ദളിത് സംഘടനകളെയും നേതാക്കളെയും അടിക്കടി കള്ളക്കേസില്‍ കുടുക്കുന്നു. കേന്ദ്ര സര്‍ക്കാറിനെതിരെ പ്രകടനം നടത്തിയ സമസ്ത നേതാക്കള്‍ക്കെതിരെ കാസര്‍ക്കോട്ടും വയനാട്ടിലും കേസെടുക്കുകയും പല സ്ഥാപനങ്ങളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്തതിന്റെ തുടര്‍ച്ചയാണ് എറണാകുളം പറവൂരിലെ സംഘ്പരിവാര്‍ ആക്രമണത്തിന് പൊലീസ് കൂട്ടുനിന്ന് ഇരകളെ വേട്ടയാടിയത്. ഇതിനെതിരെ മുസ്്‌ലിംലീഗ് പോരാട്ടം ശക്തമാക്കും.