തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് ചേരുന്ന ലോക കേരളസഭയുടെ പ്രഥമ സമ്മേളനം പ്രതിപക്ഷ ഉപനേതാവും മുസ്‌ലിംലീഗ് നേതാവുമായ ഡോ.എം.കെ മുനീര്‍ ബഹിഷ്‌കരിച്ചു. പ്രതിപക്ഷ ഉപനേതാവിനെ ഇകഴ്ത്തുന്ന രീതിയില്‍ സീറ്റ് അനുവദിച്ചതില്‍ പ്രതിഷേധിച്ച് ബഹിഷ്‌കരണമെന്ന് അദ്ദേഹം പറഞ്ഞു. ലോകകേരള സഭയുടെ സദസിലെ മൂന്നാം നിരയില്‍ 99-ാം സീറ്റിലായാണ് പ്രതിപക്ഷ ഉപനേതാവിന് സീറ്റ് അനുവദിച്ചത്.
വ്യവസായികള്‍ക്കും പിന്നിലായി പ്രതിപക്ഷ ഉപനേതാവിന്റെ സീറ്റ് ഒരുക്കിയത് ന്യായീകരിക്കാവുന്നതല്ല. കക്ഷി നേതാവ് എന്ന സ്ഥാനം ചെറുതാകാന്‍ പാടില്ല. അതിനാലാണ് ബഹിഷ്‌കരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പിന്നില്‍ ഇരുന്ന് പരിപാടിയില്‍ പങ്കെടുത്താല്‍ ഒപ്പമുള്ള എംഎല്‍എമാരോടുള്ള അനീതിയാകും. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി മലയാളികളെ കൂടി ഉള്‍പ്പെടുത്തി സംസ്ഥാന വികസനം ഉറപ്പാക്കുകയെന്ന ലക്ഷ്യവുമായാണ് രണ്ടു ദിവസത്തെ ലോക കേരളസഭ നിയമസഭാ മന്ദിരത്തില്‍ ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.