കോഴിക്കോട്: സുപ്രീം കോടതി വാദം കേള്‍ക്കാമെന്നറിയിച്ച റിവ്യൂ ഹര്‍ജിയിലെ വിധി വരുന്നതുവരെ തന്ത്രിമാരുടെയും വിശ്വാസികളുടെയും ആവശ്യം മുഖവിലക്കെടുത്ത് സംഘര്‍ഷം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി നടപ്പാക്കുന്ന എന്ന വ്യാജേന വിശ്വാസികള്‍ക്കെതിരായ നീക്കമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ഇതാണ് ശബരിമലയെ സംഘര്‍ഷ മേഖലയാക്കാന്‍ സംഘ്പരിവാറിന് അവസരം നല്‍കിയത്. ശബരിമല സന്നിധാനത്തെ നിയന്ത്രണം ആര്‍.എസ്.എസ് നേതാക്കള്‍ക്ക് കൈമാറി വാചകമടിയില്‍ അഭിരമിക്കുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും അവധാനതയോടെ കാര്യങ്ങളെ സമീപിക്കണം. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനും കോണ്‍ഗ്രസ്സ് മുക്ത ഭാരതം സാധ്യമാക്കാനുമായി സംഘ്പരിവാറും സി.പി.എമ്മും തമ്മിലുളള അവിശുദ്ധ ബന്ധത്തിന്റെ കേളീനിലമായി ശബരിമലയെ കരുവാക്കുന്നത് അപലപനീയമാണ്.
വൈകി വിവേകം ഉദിച്ച സര്‍ക്കാര്‍ സര്‍വ്വ കക്ഷി യോഗം വിളിച്ചത് സ്വാഗതാര്‍ഹമാണ്. മണ്ഡലകാലത്തിന് മുമ്പ് സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് അനിവാര്യം. യുവതീ പ്രവേശത്തിന് സ്റ്റേ നല്‍കിയിട്ടില്ലെങ്കിലും റിവ്യൂ ഹര്‍ജി ഫയലില്‍ സ്വീകരിച്ചത് കണക്കിലെടുത്ത് വിശ്വാസികളുടെ താല്‍പര്യങ്ങള്‍ ഹനിക്കുന്നത് അവസാനിപ്പിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.