ഫസ്‌ന ഫാത്തിമ

ലോകം മുഴുവന്‍ ചുറ്റിക്കാണുക, അതായിരിക്കും ‘പറക്കാന്‍’ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയുടെയും ആഗ്രഹം. അതു തന്നെയായിരുന്നു മലപ്പുറത്തുകാരനായ നബീല്‍ ലാലുവും സ്വപ്‌നം കണ്ടത്. എന്നാല്‍ നബീലിന്റെ സ്വപ്‌നത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. സ്വയം അധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ടൊരു ബൈക്ക് വാങ്ങി അതില്‍ രാജ്യം മുഴുവന്‍ സഞ്ചരിക്കുക. ഓര്‍മവെച്ച നാള്‍ മുതലുള്ള സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നബീലിന് വേണ്ടിയിരുന്നത് ഒരു കുഞ്ഞു ഡിയോ സ്‌കൂട്ടര്‍ മാത്രമായിരുന്നു. ഡിയോ വെറുമൊരു സ്‌കൂട്ടര്‍ അല്ലായിരുന്നു നബീലിന്. സ്വന്തം വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും പ്രതീകമായിരുന്നു ആ കുഞ്ഞു സ്‌കൂട്ടര്‍.

7
ഇക്കഴിഞ്ഞ സെപ്തംബര്‍ 15നാണ് നബീല്‍ ആഗ്രഹങ്ങളുടെ കൊടുമുടി കീഴടക്കാനായി മലപ്പുറത്തെ കോട്ടക്കല്‍ പൊന്മളത്തു നിന്ന് യാത്ര തിരിച്ചത്. സേവ് നേച്ചര്‍ സേവ് വൈല്‍ഡ് ലൈഫ് എന്ന സന്ദേശമുയര്‍ത്തിയാണ് നബീല്‍ രാജ്യത്തുടനീളം യാത്ര നടത്തുന്നത്. ഹൈദരാബാദ്-മണാലി-റോത്താങ് പാസ് വഴി ലഡാക്ക്. അവിടുന്ന് തിരിച്ച് ശ്രീനഗര്‍-ജമ്മു-പഞ്ചാബ് വഴി ഡല്‍ഹിയിലെത്തിയ നബീല്‍ ഇതുവരെ 7000 കിലോമീറ്റര്‍ സഞ്ചരിച്ചു. വെള്ളിയാഴ്ച രാവിലെ ജയ്പൂരിലേക്ക് പുറപ്പെട്ട നബീല്‍ ഈ മാസം 11ന് നാട്ടില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കശ്മീരിലെ മഞ്ഞുകട്ടകള്‍ക്കിടയിലൂടെയും തുരങ്ക പാതങ്ങള്‍ക്കിടയിലൂടെയും റൈഡ് നടത്തണമെങ്കില്‍ ബുള്ളറ്റു തന്നെ വേണമെന്ന പൊതുധാരണ കൂടിയാണ് നബീല്‍ ഈ യാത്രയിലൂടെ തിരുത്തി കുറിച്ചത്.

ഓരോ നാട്ടിലെത്തുമ്പോഴും യാത്രാപ്രേമികള്‍ ഏറെ കൗതുകത്തോടെയാണ് നബീലിനെ കാണുന്നത്. ഇത്രയും കിലോമീറ്റര്‍ വെറുമൊരു സ്‌കൂട്ടറില്‍ എന്ന ചോദ്യമാണ് നബീലിനു നേരെ ആദ്യമുയരുക. എന്നാല്‍ മനസ്സില്‍ അരക്കിട്ടുറപ്പിച്ച ആഗ്രഹം പതിനെട്ടാം വയസ്സില്‍ ഒറ്റക്ക് കീഴടക്കിയ നബീലിനെ പ്രശംസിക്കാനും യാത്രാപ്രേമികള്‍ മറക്കാറില്ല. തങ്ങള്‍ക്കെല്ലാവര്‍ക്കും മാതൃകയാണ് ഈ കൊച്ചു മിടുക്കനെന്നാണ് ഓരോരുത്തരും പറയുന്നത്.

സ്‌കൂട്ടറിനുള്ള പണം കണ്ടെത്തുന്നതിലും തന്റേതായ പരീക്ഷണം നടത്തിയിരുന്നു നബീല്‍. സാധാരണ ഒരു വ്യവസായം തുടങ്ങുന്നതിനേക്കാള്‍ എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് നബീലിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി കോഴിമുട്ട വിരിയിക്കുന്ന യന്ത്രം (എഗ് ഇന്‍ക്യുബേറ്റര്‍) വിപണിയിലെത്തിച്ച് തന്റെ സാങ്കേതിക മികവും നാടിനു മുന്നില്‍ തെളിയിച്ചു. യന്ത്ര നിര്‍മാണത്തിനായി തിരുവനന്തപുരത്തേക്ക് ഒരു യാത്ര തന്നെ വേണ്ടി വന്നു നബീലിന്. ഇത്തരത്തില്‍ നിര്‍മിക്കുന്ന എഗ് എന്‍ക്യുബേറ്റര്‍ ഒ.എല്‍.എക്‌സ് പോലുള്ള ഓണ്‍ലൈന്‍ വ്യാപാര മാധ്യമങ്ങളിലൂടെ വിപണനം നടത്തിയാണ് സ്‌കൂട്ടര്‍ വാങ്ങാനുള്ള പണം കണ്ടെത്തിയത്.

5

കോട്ടക്കല്‍ പൊന്മളയില്‍ അബ്ദുറഹിമാന്‍ കടവത്ത്-ഹൗവ്വാ ഉമ്മ ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയവനായി 1999 മാര്‍ച്ച് 28ന് ജനിച്ച നബീല്‍ പഠനത്തോടൊപ്പം തന്നെ കാട ഫാം നടത്തിയും വരുമാനം കണ്ടെത്തിയിരുന്നു. മൂത്ത സഹോദരി നാജിയയാണ് നബീലിന്റെ പ്രധാന സഹായി. കേരളം മുതല്‍ കശ്മീരെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി നാട്ടില്‍ തിരിച്ചെത്തും മുമ്പേ നബീലിന്റെ മനസ്സില്‍ മറ്റൊരു ആഗ്രഹം കൂടി മൊട്ടിട്ടിട്ടുണ്ട്.

1

കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ ഒരു മാസത്തെ യാത്ര. നാട്ടിലെത്തിയാല്‍ ഇതിനാവശ്യമായ പണം സ്വരൂപിക്കാന്‍ വീണ്ടും വ്യവസായത്തിലേക്ക് തിരിയാനാണ് ഈ പതിനെട്ടുകാരന്റെ തീരുമാനം. ഒപ്പം ലഡാക്ക് യാത്രയില്‍ പിന്തുണയും സഹായവും നല്‍കിയ ഓരോ പ്രദേശത്തെയും നല്ലവരായ സുഹൃത്തുക്കള്‍ക്കുള്ള നന്ദിയും നബീല്‍ പങ്കുവെക്കുന്നു.

2