തൃശൂര്‍: മദ്യത്തിന് പേരിടാൻ സർക്കാർ സമ്മാനം പ്രഖ്യാപിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി. തൃശൂരിലെ കോൺഗ്രസ് നേതാവ് ജോൺ ഡാനിയലാണ് പരാതി നൽകിയത്.
ഇത്തരം സംഭവങ്ങൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നാണ് പരാതി. മദ്യത്തിന്‍റെ പരസ്യത്തിന് സമ്മാനം നൽകുന്നത് മദ്യത്തെ മഹത്വവൽക്കരിക്കുന്നതിന് തുല്യമാണെന്ന് ആരോപണം. മനുഷ്യന്‍റെ ആരോഗ്യത്തെയും സാമ്പത്തിക ഘടനയെയും തകർക്കുന്ന ഇത് കടുത്ത മനുഷ്യാവകാശ ലംഘനം ആണെന്നും പരാതി.
പരസ്യത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയും രംഗത്തെത്തിയിരുന്നു. മദ്യത്തിന് പേരിടാനായി നടത്തിയ മത്സരം ചട്ടലംഘനമാണെന്നും പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നത്. ബെവ്‌കോ നടത്തിയത് സരോഗേറ്റ് അഡ്വര്‍ടൈസ്‌മെന്റാണ്. വിഷയത്തില്‍ മന്ത്രി മറുപടി പറയണം. പാരിതോഷികം നൽകി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.
പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചുള്ള സര്‍ക്കാര്‍ പരസ്യമാണ് വിവാദമായത്.