ന്യൂഡല്‍ഹി: ഇന്തയുടെ വിനോദസഞ്ചാര വികസനത്തിനായുള്ള സാംസ്‌കാരിക, ടൂറിസം മന്ത്രാലയത്തിന്റെ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ പ്രചാരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നു. അമിതാഭ് ബച്ചന്‍ ആമിര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് സൂപ്പര്‍താരങ്ങളെ തഴഞ്ഞാണ് മോദിയെ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ പ്രചാരണ പരിപാടിയുടെ മുഖമാക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് കാര്യമായി വര്‍ധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ ‘മോദിയാണ് ഏറ്റവും ഉചിതമായ മുഖം’ എന്നു സാംസ്‌കാരിക ടൂറിസം മന്ത്രി മഹേഷ് ശര്‍മ നേരത്തേ വ്യക്തമാക്കിയിരുന്നു.

വിവിധ രാജ്യങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനങ്ങളെ തുടര്‍ന്ന് ഇന്ത്യയേക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറിക്കഴിഞ്ഞതായും ഇന്ത്യന്‍ ടൂറിസത്തിന്റെ മുഖമാകാന്‍ പ്രധാനമന്ത്രിയേക്കാള്‍ യോഗ്യന്‍ ആരാണെന്നും അദ്ദേഹം ചോദിക്കുകയും ചെയ്തു. വിദേശികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണത്തിന്റെ മുഖമാകാന്‍ ബോളിവുഡ് താരങ്ങളെ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനങ്ങള്‍ക്കുശേഷം യുഎസ്, ബ്രിട്ടന്‍, കാനഡ, ജര്‍മനി, ഓസ്‌ട്രേലിയ, ഫിജി, ബ്രസീല്‍, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് കൂടിയതായും- ടൂറിസം വകുപ്പ് വക്താവ് സൂചിപ്പിച്ചു. ഇന്ത്യയിലും വിദേശത്തുമായി കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ടൂറിസവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പ്രസംഗങ്ങളുടെ ദൃശ്യങ്ങള്‍ ടൂറിസം വകുപ്പ് ശേഖരിച്ചുവരികയാണെന്നും ഇന്‍ക്രെഡിബിള്‍ ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായി ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ ടൂറിസം സീസണ്‍ ആരംഭിക്കുന്ന നവംബര്‍ മാസം അവസാനത്തോടെയാകും പ്രചാരണ വിഡിയോ പുറത്തിറക്കുക. ക്രിസ്തുമസ്, പുതുവല്‍സര അവധികള്‍ക്ക് മുന്നോടിയായ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

ബോളിവുഡ് താരം ആമിര്‍ ഖാനായിരുന്നു മുന്‍പു ബ്രാന്‍ഡ് അംബാസഡര്‍. എന്നാല്‍ അസഹിഷ്ണുതാ വിവാദ കാലത്ത് ആമിന്റെ ചില പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹവുമായുള്ള കരാര്‍ പുതുക്കല്‍ നിര്‍ത്തിവെക്കുകയായിരുന്നു.

തുടര്‍ന്നു ആ സ്ഥാനത്തേക്ക് അമിതാഭ് ബച്ചനെ പരിഗണിക്കുന്നതായി സൂചനകളുണ്ടായി. എന്നാല്‍, വിദേശത്ത് കള്ളപ്പണ നിക്ഷേപ വിവാദത്തില്‍ ബച്ചന്റെ പേരും വന്നതോടെ ഈ നീക്കം ഉപേക്ഷിക്കേണ്ടി വന്നു.