ന്യൂഡല്‍ഹി: സിനിമാ തിയേറ്ററുകളിലും പൊതു സ്ഥലങ്ങളിലും ദേശീയ ഗാനം ആലപിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി കേന്ദ്രം പ്രത്യേക സമിതിയെ നിയോഗിക്കുന്നു. തിയേറ്ററിലെ ദേശീയ ഗാനാലാപനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. മന്ത്രാലയതല സമിതിയായിരിക്കും വിഷയം പരിശോധിക്കുക. ആറു മാസത്തിനകം സമിതി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെ കേന്ദ്ര സര്‍കകാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. കേസ് സുപ്രീംകോടതി ചൊവ്വാഴ്ച്ച
പരിഗണിക്കും.

തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനാലാനം നിര്‍ബന്ധമാക്കി 2016 നവംബര്‍ 30ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചലച്ചിത്ര മേളകളില്‍ ഉള്‍പ്പെടെ തിയറ്റുകളില്‍ ദേശീയഗാനം ചൊല്ലുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് നിര്‍ബന്ധമാക്കിയും പിന്നീട് ഉത്തരവിറക്കി. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍, ദേശസ്‌നേഹം അടിച്ചേല്‍പ്പിക്കുന്ന നടപടിയെ കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.

ദേശീയത കുപ്പായക്കൈയില്‍ തുന്നിപ്പിടിപ്പിച്ച് നടക്കേണ്ടതല്ലെന്നും ജനം തിയേറ്ററില്‍ എത്തുന്നത് കലര്‍പ്പില്ലാത്ത ആസ്വാദനത്തിനാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു നല്‍കിയ മറുപടിയിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രം അറിയിച്ചത്.