ഹൈദരാബാദ്: മലയാളത്തിന്റെ പ്രിയ നായിക നസ്രിയ ഫഹദ് അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘അന്റെ സുന്ദരനികി’ എന്നാണ് ചിത്രത്തിന്റെ പേര്. നടന്‍ നാനിയാണ് നായകന്‍. നാനിയുടെ കരിയറിലെ 28ാം സിനിമയാണിത്.വിവേക് ആത്രേയയാണ് സംവിധായകന്‍.

വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത നസ്രിയ കൂടെ എന്ന അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ പൃഥ്വിരാജിനൊപ്പം അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയരംഗത്തേക്ക് തിരിച്ചുവന്നത്. ഫഹദിനൊപ്പം അഭിനയിച്ച ട്രാന്‍സ് ആണ് നസ്രിയ അഭിനയിച്ച അവസാന ചിത്രം. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ താരം അതിഥി വേഷത്തില്‍ എത്തിയിരുന്നു.

2021 ല്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഇക്കൊല്ലം നടക്കാതെ പോയ ചില തമാശകള്‍ അടുത്ത വര്‍ഷം കാണാം എന്ന ഉറപ്പോടെയാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. നാച്വറല്‍ സ്റ്റാര്‍ എന്നാണ് നസ്രിയയെ പോസ്റ്ററില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

വിവേക് സാഗറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം ഇടുന്നത്. രവിതേജ ഗിരിജലയാണ് ചിത്രത്തിന്റെ എഡിറ്റര്‍. നികേത് ബൊമ്മിയാണ് ക്യാമറ. നവീന്‍ യേര്‍നേരിയും രവിശങ്കര്‍ വൈയ്യും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘വി’ ആണ് നാനിയുടേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.