യൂറോപ്യന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ഒമ്പത് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ 2018-ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഹോളണ്ട് കളിക്കാനുണ്ടാവില്ലെന്നുറപ്പായി. ഗ്രൂപ്പ് എയില്‍ ബെലാറസിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചെങ്കിലും ഫ്രാന്‍സും സ്വീഡനും ജയം കണ്ടതാണ് ഓറഞ്ചു പടക്ക് തിരിച്ചടിയായത്. ബ്ലെയ്‌സ് മറ്റിയുഡിയുടെ ഗോളില്‍ ബള്‍ഗേറിയയെ തോല്‍പ്പിച്ച ഫ്രാന്‍സ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ലക്‌സംബര്‍ഗിനെ എതിരില്ലാത്ത എട്ടു ഗോളിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനം ഭദ്രമാക്കി. ചൊവ്വാഴ്ച രാത്രി സ്വീഡനെ 12 ഗോളിനെങ്കിലും തോല്‍പ്പിച്ചാല്‍ മാത്രമേ ഡച്ച് പടക്ക് സാധ്യതയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ അത് അസാധ്യവുമാണ്.

യൂറോ മേഖലയില്‍ ആറ് ഗ്രൂപ്പുകളടങ്ങുന്ന ഒമ്പത് ഗ്രൂപ്പുകളായാണ് യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നത്. ഇവയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമുകള്‍ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. ജര്‍മനി, ഇംഗ്ലണ്ട്, സ്‌പെയിന്‍, ബെല്‍ജിയം ടീമുകള്‍ ഇതിനകം യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. മറ്റ് ഗ്രൂപ്പുകളില്‍ ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്റ്, സെര്‍ബിയ, പോളണ്ട്, ഐസ്‌ലാന്റ് എന്നിവയാണ് ലീഡ് ചെയ്യുന്നത്.

മികച്ച എട്ട് രണ്ടാം സ്ഥാനക്കാര്‍ക്കാണ് പ്ലേ ഓഫ് കളിക്കാന്‍ യോഗ്യത. അടുത്ത മത്സരം 12 ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചില്ലെങ്കില്‍ ഹോളണ്ടിന് രണ്ടാം സ്ഥാനത്തു പോലും എത്താന്‍ കഴിയില്ല. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്തുള്ള പോര്‍ച്ചുഗലിന് നേരിട്ട് യോഗ്യത നേടണമെങ്കില്‍ അടുത്ത മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ സ്വിറ്റ്‌സര്‍ലാന്റിനെ തോല്‍പ്പിക്കണം. ഇല്ലെങ്കില്‍ പ്ലേ ഓഫ് കളിക്കേണ്ടി വരും.

2006-ലെ ചാമ്പ്യന്മാരായ ഇറ്റലിയും നേരിട്ട് യോഗ്യത നേടില്ലെന്ന് ഉറപ്പായിട്ടുണ്ട്. പ്ലേ ഓഫ് അര്‍ഹത വേണമെങ്കില്‍ ഇറ്റലിക്ക് അല്‍ബേനിയയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കേണ്ടി വരും. കരുത്തരായ ക്രൊയേഷ്യയുടെ ഭാവിയും തുലാസിലാണ്. ഗ്രൂപ്പ് ഐയില്‍ ഐസ് ലാന്റിനു പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള അവര്‍ക്ക് നിര്‍ണായക മത്സരത്തില്‍ എതിരാളി ഉക്രെയ്ന്‍ ആണ്. പ്ലേ ഓഫ് യോഗ്യത വേണമെങ്കില്‍ ജയം നിര്‍ബന്ധമാണെന്ന ഗതിയിലുള്ള ഉക്രെയ്‌നെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചാല്‍ മാത്രമേ ക്രൊയേഷ്യക്ക പ്ലേ ഓഫ് എങ്കിലും കാണാന്‍ കഴിയു.

തുര്‍ക്കി, റൊമാനിയ, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഹങ്കറി, ബള്‍ഗേറിയ എന്നിവരാണ് യൂറോപ്യന്‍ മേഖലയില്‍ നിന്ന് ലോകകപ്പ് കളിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞ പ്രമുഖര്‍.