കോവിഡ് പ്രതിരോധ മേഖലയിലും ഒഴിച്ച് കൂടാനാകാത്ത വിധം പ്ലാസ്റ്റിക് കയ്യടക്കുമ്പോള്‍ പാളുന്നു നിയന്ത്രണവും സംസ്‌കരണവും. ഉപയോഗ ശേഷം ആസ്പത്രികളില്‍ നിന്നുള്‍പ്പെടെ പുറന്തള്ളുന്ന അജൈവ മാലിന്യം നീക്കം ചെയ്യുന്നതും വെല്ലുവിളിയാകുന്നു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന സാമഗ്രികളില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് നിര്‍മിതമായതിനാല്‍ പ്ലാസ്റ്റിക് നിയന്ത്രണത്തെയാണ് ബാധിക്കുന്നത്. പ്ലാസ്റ്റിക്കിനാല്‍ നിറഞ്ഞ് അജൈവ മാലിന്യങ്ങള്‍ കുന്നുകൂടുന്ന അവസ്ഥയില്‍ ഇവയുടെ സംസ്‌കരണവും പാളുകയാണ്. കോവിഡ് പ്രതിരോധ സാമഗ്രികളായി ഉപയോഗിക്കുന്ന പിപിഇ കിറ്റ് മുതല്‍ ഡിസ്‌പോസബിള്‍ ഏപ്രണ്‍, ഫെയ്‌സ് ഷീല്‍ഡ്, ഓക്‌സിജന്‍ മാസ്‌ക് ഉള്‍പ്പെടെ പ്രതിരോധ സാമഗ്രികള്‍ ഏറെയും പ്ലാസ്റ്റിക് നിര്‍മിതമാണ്. ഒരിക്കല്‍ മാത്രം ഉപയോഗിച്ച് പുറന്തള്ളുന്ന ഇത്തരം മാലിന്യങ്ങള്‍ ഒന്നിച്ച് കത്തിക്കാറാണ് പതിവ്. ആസ്പത്രികളില്‍ നിന്ന് ലോഡ് കണക്കിനാണ് ഇത്തരം മാലിന്യങ്ങള്‍ പുറന്തള്ളുന്നത്.

ഇവകൂടാതെ മാളുകളില്‍ ഉള്‍പ്പെടെ ഉപഭോക്താക്കള്‍ എത്തുമ്പോള്‍ നല്‍കുന്ന കട്ടികുറഞ്ഞ പ്ലാസ്റ്റിക് ഗ്ലൗസും ഉപയോഗ ശേഷം വലിച്ചെറിയുന്ന സ്ഥിതിയാണ്. ഇവ പാരിസ്ഥിതിക ഭീഷണിയുയര്‍ത്തുന്നതോടൊപ്പം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമിടയാക്കുകയാണ്. ഇത്തരം പ്ലാസ്റ്റിക് ഗ്ലൗസുകളാണേറെയും മാളുകള്‍ക്ക് മുന്നിലെ വീപ്പയില്‍ കുമിഞ്ഞ് കൂടുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ വെച്ച് കത്തിക്കുകയാണ് പതിവ്. ഒരിക്കല്‍ മാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക് നിര്‍മിത പ്രതിരോധ സാമഗ്രികള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നതും പുഴയിലും തോട്ടിലും തള്ളുന്നതും പാരിസ്ഥിതിക ഭീഷണിയുയര്‍ത്തുകയാണ്. പ്ലാസ്റ്റിക് നിര്‍മിതമായ കോവിഡ് പ്രതിരോധ സാമഗ്രികള്‍ ഉപയോഗിക്കേണ്ട സാഹചര്യത്തിലും ഇവ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സംവിധാനമില്ലെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.

തിരിച്ചെത്തി നിരോധിച്ച
പ്ലാസ്റ്റിക് ക്യാരിബാഗുകളും

അതേസമയം പരിസ്ഥിതിക്ക് ദോഷകരമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് നിരോധിച്ച പ്ലാസ്റ്റിക് ക്യാരിബാഗുകളും കോവിഡിന്റെ മറവില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തിരികെയെത്തിയിട്ടുണ്ട്. ഭൂരിഭാഗം കടകളിലും സുലഭമാണ് ഇത്തരം കവറുകള്‍. പ്ലാസ്റ്റിക് കവറിനൊപ്പം പ്ലാസ്റ്റിക്ക് കോട്ടിംഗോടും കൂടിയ പേപ്പര്‍ ഇലയുള്‍പ്പെടെ നിരോധിച്ചിരുന്നു. എന്നാല്‍ ഇവ വ്യാപാര സ്ഥാപനങ്ങളില്‍ ലഭ്യമാണ്. പ്ലാസ്റ്റിക്കിനെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ആരോഗ്യ വിഭാഗമാണ് നടപടികള്‍ കൈകൊണ്ടത്. ഇതേതുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് കവറുകള്‍ നല്‍കുന്നത് കുറഞ്ഞിരുന്നു. ജനങ്ങള്‍ക്കിടയില്‍ തുണിസഞ്ചിയുടെ ഉപയോഗത്തിന് പ്രോത്സാഹനം നല്‍കിയാണ് പ്ലാസ്റ്റിക് നിരോധിച്ചത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക്കിനെതിരെയുള്ള നടപടികള്‍ നിലച്ചതോടെ പ്ലാസ്റ്റിക് കവറുകള്‍ കടകളില്‍ തിരിച്ചെത്തുകയായിരുന്നു. ഇപ്പോള്‍ എല്ലാ കടകളിലും പ്ലാസ്റ്റിക് കവറുകളിലാണ് സാധനങ്ങള്‍ നല്‍കുന്നത്. കോവിഡ് പ്രതിരോധത്തിനിടയില്‍ പ്ലാസ്റ്റിക്കിനെതിരെയുള്ള നടപടികള്‍ തുടരാനായില്ലെങ്കില്‍ പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നാട് നിറയുന്ന സ്ഥിതിയാകും.

പ്രയോജനമില്ലാതെ
ബോധവല്‍കരണം

ബോധവല്‍കരണം കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. ഇപ്പോഴും ഗ്രാമങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നിറയുകയാണ്. രാത്രി കാലങ്ങളില്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ഗ്രാമങ്ങളിലെ പാതയോരത്ത് വ്യാപകമായാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നത്. അതിര്‍ത്തിക്കപ്പുറത്ത് പ്ലാസ്റ്റിക് ഉല്‍പ്പാദനം തടഞ്ഞുവെങ്കിലും അതീവ രഹസ്യമായി ഇവ കേരളത്തില്‍ കച്ചവടത്തിന് എത്തിക്കുന്ന സംഘങ്ങള്‍ സജീവമാണ്. ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചാല്‍ മാത്രമെ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാന്‍ സാധിക്കൂ. മത്സ്യചന്തകളിലും ഇപ്പോള്‍ വ്യാപകമായാണ് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കുന്നത്. നിരോധനം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയ അവസ്ഥയാണ്.

അപകടകാരി പ്ലാസ്റ്റിക്

പ്ലാസ്റ്റിക് ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന രോഗങ്ങളെ കുറിച്ച് കാര്യമായ അറിവ് ലഭിക്കാത്തതാണ് ഉപയോഗം വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കുന്നത്. പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന പുക അത്യന്തം അപകടകരമാണ്. അര്‍ബുദത്തിന് വഴിയൊരുക്കുന്നതാണ് ഈ പുക. അറിഞ്ഞോ അറിയാതെയോ ഈ പുക ശ്വസിക്കുമ്പോള്‍ ഇതിലടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ ശ്വാസകോശത്തിലൂടെ ശരീരത്തിലെത്തും. അര്‍ബുദത്തിന്റെ ഒരു പ്രധാന കാരണക്കാരനായിട്ടാണ് ഡോക്ടര്‍മാര്‍ പ്ലാസ്റ്റിക്കിനെ ചൂണ്ടിക്കാട്ടുന്നത്. പൊതുസ്ഥലത്ത് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കത്തിക്കുന്നത് നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. പ്ലാസ്റ്റിക് ഉല്‍പന്നങ്ങളില്‍ വലിയൊരു വിഭാഗം തന്നെ കാര്‍സിനോജന്‍ ആണെന്ന് ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് കത്തുമ്പോള്‍ ഡയോക്‌സിന്‍, ഫുറാന്‍സ്, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ് തുടങ്ങി നിരവധി മാരകമായ വിഷവാതകങ്ങളാണ് പുറംതള്ളപ്പെടുന്നത്. ഇവ ശ്വസിക്കുന്നതിനും ഇടയാക്കുകയാണ്.