മാഡ്രിഡ് : ഫുട്‌ബോള്‍ ചരിത്രത്തിലെ വിലകൂടിയ താരം നെയ്മര്‍ വീണ്ടും കൂടുമാറ്റത്തിനൊരുങ്ങുന്നു. ബ്രസീലിയന്‍ സൂപ്പര്‍ താരം റയലിലേക്ക് ചേക്കേറുമെന്നാണ് അഭ്യൂഹം. ട്രാസ്ഫര്‍ സംബന്ധിച്ച് നെയ്മറിന്റെ പിതാവ് നെയ്മര്‍ സീനിയര്‍ റയല്‍ മാഡ്രിഡ് പ്രസിഡണ്ട് ഫ്‌ളോറന്റീനോ പെറസുമായി കൂട്ടികഴ്ച നടത്തിയതായും സ്പാനിഷ് മാധ്യമം മന്‍ഡോ ഡിപോര്‍ട്ടോ റിപ്പോര്‍ട്ടു ചെയ്തു.

കഴിഞ്ഞ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ 198 ദശലക്ഷം യൂറോ റെക്കോര്‍ഡ് തുകയ്ക്കാണ് ബാര്‍സിലോണയില്‍ നിന്ന് നെയ്മര്‍ പി.എസ്.ജി യിലേക്ക് എത്തിയത്. എന്നാല്‍ ഫ്രാന്‍സില്‍ താരം തൃപ്തനല്ല എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍. ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പിന്മുറകാരനായിട്ടാണ് നെയ്മറിനെ റയല്‍ നോട്ടമിട്ടിരിക്കുന്നത്. പി.എസ്.ജിക്കായി എട്ടു മത്സരങ്ങളില്‍ നിന്നായി ഏഴു ഗോളുകളും അഞ്ചു അസിസ്റ്റുമാണ് നെയ്മര്‍ നേടിയത്. ബാര്‍സിലോണയില്‍ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ എട്ടു കിരീടങ്ങളില്‍ നെയ്മര്‍ പങ്കാളിയായിട്ടുണ്ട്. ബാര്‍സ കുപ്പായത്തില്‍ 186 കളിയില്‍ നിന്നായി 164 ഗോളുകള്‍ അടച്ചു കൂട്ടിയ നെയ്മര്‍ ബന്ധവൈരികളായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നത് ബാര്‍സ ആരാധകര്‍ക്ക് സഹിക്കാനാവില്ല. അതേസമയം നെയ്മര്‍ ക്ലബ് വിടുമെന്ന് വാര്‍ത്ത പി.എസ്.ജി നിഷേധിച്ചു.