അഹമ്മദാബാദ്: പാക്കിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ഗുജറാത്ത് സ്വദേശിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ഗുജറാത്ത് കച്ച് സ്വദേശി രാജക്ഭായി കുംഭാറിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. രാജ്യത്തെ സൈനിക രഹസ്യങ്ങള്‍ പാക് ചാരസംഘടനയ്ക്ക് ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട് യുപി പൊലീസില്‍ നിന്നും എന്‍ഐഎ ഏറ്റെടുത്ത കേസിലാണ് അറസ്റ്റ്.

ഈ വര്‍ഷം ജനുവരിയില്‍ യുപിയിലെ വാരാണാസില്‍ നിന്നും റഷീദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൈനിക താവളങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഐഎസ്‌ഐക്ക് ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. തുടര്‍ന്ന് ഇയാളെ എന്‍ഐഎക്ക് കൈമാറി.

ഇയാളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാജക് ഭായി കുംഭാറില്‍ എത്തിയത്. കച്ചിലെ മുദ്ര ഡോക് യാര്‍ഡില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുകയായിരുന്നു ഇയാള്‍. ഇവിടെ നിന്നും സൈനിക ഉപകരണങ്ങളുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി റഷീദ് വഴി പാക് ചാരസംഘടനയ്ക്ക് ഇയാള്‍ നല്‍കി.

റഷീദിന് ഇയാള്‍ പണം നല്‍കിയതിനും തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരും ചാരസംഘടനയ്ക്കായി പ്രവര്‍ത്തിച്ചതിന് വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചില്‍ നിര്‍ണ്ണായക രേഖകള്‍ കിട്ടിയെന്നും എന്‍ഐഎ അറിയിച്ചു.