തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റിന്റെ (കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനി) ഓഫീസില്‍ എന്‍ഐഎ പരിശോധന. കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ അന്വേഷണം സംഘമാണ് പരിശോധന നടത്തുന്നത്. യുഎഇ കോണ്‍സുലേറ്റ് വഴി എത്തിയ മതഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് സി-ആപ്റ്റ് ഓഫീസില്‍ പരിശോധന നടത്തുന്നത്.

സ്ഥാപനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നുണ്ട്. മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തതായാണ് വിവരം. നേരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തതും സി-ആപ്റ്റിലെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു.

സി-ആപ്റ്റിന്റെ വാഹനത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ ഇതു പല സ്ഥലങ്ങളിലായി വിതരണം ചെയ്തിരുന്നു. മതഗ്രന്ഥത്തോടൊപ്പം സ്വര്‍ണം കൂടി കടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് എന്‍ഐഎയുടെ നീക്കം. ഭക്ഷ്യ കിറ്റിനായി സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ മന്ത്രി കെ.ടി. ജലീല്‍ പലപ്പോഴായി വിളിച്ചിരുന്നതായി നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു.