കോഴിക്കോട്: സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമെങ്കില്‍ മറ്റ് മെഡിക്കല്‍ കോളജുകളില്‍ നിന്ന് ഒരാഴ്ചത്തേക്ക് മാറ്റി വിന്യസിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സമീപത്തെ ആസ്പത്രികളെ സജ്ജമാക്കുകയും റഫറല്‍ സംവിധാനം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. നിപാ രോഗ ചികിത്സ മാര്‍ഗരേഖ തയ്യാറാക്കാന്‍ എമര്‍ജന്‍സി മെഡിസിന്‍ മേധാവിയായ ഡോ. ആര്‍ ചാന്ദ്‌നിയെ ചുമതലപ്പെടുത്തി.
നിപാ വൈറസ് ലക്ഷണമുള്ളവരെ അവിടങ്ങളില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യും. സ്വകാര്യ ആസ്പത്രികളിലും ചികിത്സാ സൗകര്യമുണ്ട്. സ്ഥിതിഗതികള്‍ നേരിടുന്നതിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറുമായി പ്രത്യേക ടാസ്‌ക്ക് ഫോഴ്‌സ് രൂപവത്ക്കരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചും ജില്ലാ മെഡിക്കല്‍ ഓഫീസ് കേന്ദ്രീകരിച്ചും രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ കോള്‍സെന്ററുമായും സഹായങ്ങള്‍ക്കും സംശയങ്ങള്‍ക്കും ബന്ധപ്പെടാം. 1056 നമ്പറില്‍ വിളിച്ചാല്‍ ദിശയില്‍ നിന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് കണക്ട് ചെയ്ത് നല്‍കും.

എട്ട് മണിക്കൂറിനകം സാമ്പിള്‍ മണിപ്പാലിലെത്തിക്കും

കോഴിക്കോട്: നിപാ വൈറസ് ബാധ സംശയിക്കുന്നവരുടെ സാമ്പിള്‍ എട്ടു മണിക്കൂറിനകം മെഡിക്കല്‍ കോളജില്‍ നിന്ന് മണിപ്പാലിലെത്തിക്കാന്‍ സംവിധാനമൊരുക്കിയതായി മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.ജി. അരുണ്‍കുമാര്‍ അറിയിച്ചു. സംശയമുള്ള എല്ലാവരുടെയും സാമ്പിള്‍ ശേഖരിച്ച് ഇതിനകം അയച്ചു കഴിഞ്ഞു. ഫലം ഉടന്‍ ലഭിക്കും. ബോഡി ഫ്‌ളൂയിഡുമായി നേരിട്ടുള്ള സമ്പര്‍ക്കമാണ് വൈറസ് ബാധയുടെ പ്രധാന കാരണം. ഒരു മീറ്ററില്‍ താഴെ അകലത്തില്‍ വളരെ കൂടുതല്‍ സമയം രോഗിയോടൊപ്പം ചെലവഴിക്കുന്നതും ബാധയ്ക്ക് കാരണമാകും. അസുഖം ബാധിച്ചാല്‍ 40 മുതല്‍ 70 ശതമാനം വരെയാണ് മരണ സാധ്യത. എന്നാല്‍ 30 മുതല്‍ 60 ശതമാനം വരെ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.