കൊച്ചി/തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആരും നിഷ്‌കളങ്കരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തെരഞ്ഞെടുപ്പ് കഴിയുംവരെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചോദ്യംചെയ്യല്‍ മനപ്പൂര്‍വ്വം നീട്ടിക്കൊണ്ടുപോയത് സിപിഎമ്മിന് രാഷ്ട്രീയ ക്ഷീണം ഉണ്ടാകുമെന്ന ഭയത്താലാണെന്നും, കോടതി ഇടപെട്ടതോടെയാണ് ഇപ്പോള്‍ ചോദ്യംചെയ്യല്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്‌ഐടിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘത്തില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്നും സതീശന്‍ വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തില്‍ ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും ശബരിമല സംബന്ധമായ കാര്യങ്ങളില്‍ അദ്ദേഹം ഇടപെടാറുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
റിമാന്‍ഡിലുള്ളവര്‍ കൂടുതല്‍ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന ഭയം സര്‍ക്കാരിനുണ്ടെന്നും, അതുകൊണ്ടാണ് അന്വേഷണ നടപടികളില്‍ വൈകല്യവും ആശയക്കുഴപ്പവും ഉണ്ടാകുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.