പ്യോങ്യാങ്: അമേരിക്കയുടെ ഭീഷണികളെ കാറ്റില്‍പറത്തി ഉത്തരകൊറിയ സ്‌കഡ് മിസൈല്‍ പരീക്ഷിച്ചു. ഈ വര്‍ഷം നടത്തുന്ന 12-ാമത്തെ മിസൈല്‍ പരീക്ഷണമാണിത്. ജപ്പാന്റെ ജലാതിര്‍ത്തിയിലാണ് മിസൈല്‍ പരീക്ഷിച്ചത്. ലക്ഷ്യത്തില്‍ എത്തുന്നതിനുമുമ്പ് തന്നെ മിസൈല്‍ തകര്‍ന്നു വീഴുകയായിരുന്നു. ഉത്തരകൊറിയയുടെ തുടരെയുള്ള പ്രകോപനങ്ങള്‍ അംഗീകരിക്കില്ലെന്നും അമേരിക്കയുമായി ചേര്‍ന്ന് ഉറച്ച നടപടിയുണ്ടാകുമെന്നും ജപ്പാന്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സമൂഹത്തെ ധിക്കരിച്ച് മുന്നോട്ടുപോകുന്ന ഉത്തരകൊറിയയെ തടുത്തുനിര്‍ത്തുക തന്നെ ചെയ്യുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വ്യക്തമാക്കി. ഉത്തരകൊറിയ ഇപ്പോള്‍ ആഴ്ചയില്‍ ഒന്ന് എന്ന വീതമാണ് മിസൈല്‍ പരീക്ഷിക്കുന്നത്. ഇന്നലെ പരീക്ഷിച്ച മിസൈല്‍ 450 കിലോമീറ്റര്‍ സഞ്ചരിച്ചു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഉത്തരകൊറിയന്‍ മിസൈല്‍ ജപ്പാന് സമീപം പതിക്കുന്നത്. കഴിഞ്ഞ ദിവസം വ്യോമാക്രമണത്തെ തടയുന്ന പ്രതിരോധ സംവിധാനം ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. വെല്ലുവിളി തുടരുന്ന ഉത്തരകൊറിയയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ അമേരിക്കക്കും പേടിയുണ്ട്. ഭീഷണികളില്‍ മാത്രമായി യു.എസ് ഒതുങ്ങിയിരിക്കുകയാണ്. ഉത്തരകൊറിയയുമായി നേരിട്ട് യുദ്ധം നടത്തുന്നത് ദുരന്തപൂര്‍ണമായിരിക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞിരുന്നു.