മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമയായ മണിച്ചിത്രത്താഴ് ഇറങ്ങിയിട്ട് 25 വര്‍ഷം തികയാനിരിക്കെ ചിത്രം മോഷണമെന്ന് ആരോപണം ഉയരുന്നു. അശ്വതി തിരുനാള്‍ എന്ന നോവലിസ്റ്റാണ് മണിച്ചിത്രത്താഴ് കോപ്പിയടിയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വിജനവീഥി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമെന്നാണ് ആരോപണം. ‘ഏഷ്യാനെറ്റ്’ ഓണ്‍ലൈനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

1983-ല്‍ കുങ്കുമം മാസികയില്‍ വിജനവീഥി എന്ന നോവല്‍ വന്നിരുന്നുവെന്നും ആ കഥയാണ് ചിത്രത്തിന് ആധാരമെന്നുമാണ് അശ്വതി തിരുനാള്‍ പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചുവെന്ന് മുമ്പ് സഹസംവിധായകനായിരുന്ന ശശികുമാര്‍ എന്ന അശ്വതി തിരുനാള്‍ പറയുന്നു. മണിച്ചിത്രത്താഴ് സിനിമ ഹിറ്റായിരുന്നതോടൊപ്പം തന്നെ ഒട്ടേറെ വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ചിത്രത്തില്‍ നടി ശോഭനയുടെ ഡബ്ബിംഗും പാട്ടുകളും വിവാദങ്ങള്‍ സൃഷ്ടിച്ചു. നാഗവല്ലിയുടെ ഡബ്ബിംഗുമായി ബന്ധപ്പെട്ട വിവാദം അടുത്തിടെയാണ് പൊട്ടിപ്പുറപ്പെട്ടത്. ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് 1993-ലാണ് റിലീസാകുന്നത്. മധുമുട്ടം ആണ് തിരക്കഥ.

നീണ്ട കാലത്തിന് ശേഷം തിരക്കഥയെക്കുറിച്ച് ആരോപണം ഉയര്‍ന്നെങ്കിലും ഇതിനോട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരും പ്രതികരിച്ചിട്ടില്ല.