കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ രണ്ടാം ഘട്ടം സംസ്ഥാനത്ത് ഭീതിത അന്തരീക്ഷം സൃഷ്ടിച്ചപ്പോഴും നേരിയ ആശ്വാസം നല്‍കിയിരുന്നത് പനി മാറി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ജീവിതത്തിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്തയായിരുന്നു. നിപ്പ ബാധയെത്തുടര്‍ന്ന് പത്തു ദിവസത്തോളം അബോധാവസ്ഥയില്‍ കഴിഞ്ഞ നഴ്‌സിങ് വിദ്യാര്‍ത്ഥിനി എം.അജന്യ തന്റെ അനുഭവം പങ്കുവെച്ച് രംഗത്തുവന്നു.

മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ വെന്റിലേറ്ററില്‍ ബോധമില്ലാതെ പത്തു ദിവസം. ബോധം വീണ്ടെടുത്ത് കണ്ണു തുറന്നപ്പോള്‍ വെളുത്ത വേഷത്തില്‍ മൂടികെട്ടിയ കുറച്ചുപേര്‍ മുന്നില്‍. 19കാരിയായ തനിക്ക് ആ കാഴ്ച പരിചിതമല്ലായിരുന്നുവെന്ന് അജന്യ പറയുന്നു. ആദ്യ കാഴ്ചയില്‍ ആ വെള്ള വസ്ത്രധാരികളെ ഭയന്നു. എന്നാല്‍ അവര്‍ നല്‍കിയ സ്‌നേഹവും പരിചരണവും ആത്മവിശ്വാസവുമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് അജന്യ പറയുന്നു.

‘ബോധം വീണ്ടുകിട്ടിയപ്പോള്‍ മുന്നിലെത്തിയ ഡോക്ടറോട് എനിക്കെന്താണ് പറ്റിയതെന്നു ചോദിച്ചു. അദ്ദേഹം തമാശ മട്ടില്‍ നിപ്പ വൈറസിനെപ്പറ്റി പറഞ്ഞു. ഉടന്‍ പോകാമെന്ന് പറഞ്ഞു. പുറത്ത് നടക്കുന്ന സംഭവങ്ങളൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അതിനാല്‍ എനിക്ക് ഒന്നുമില്ലെന്ന വിശ്വാസത്തില്‍ കിടന്നു. എന്നെ പരിചരിച്ച നഴ്‌സ് ചേച്ചിമാരുടെ ഉത്സാഹം കണ്ടപ്പോള്‍ ആത്മവിശ്വാസം വര്‍ധിച്ചു. എല്ലാം സുഖമായി അവിടെ നിന്ന് മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ നിരീക്ഷണ വാര്‍ഡിലെത്തിയപ്പോഴാണ് ഞാന്‍ കടന്നുപോയത് എത്ര വലിയ ദുരന്തത്തിലൂടെയാണെന്ന ബോധ്യമുണ്ടായത്’, അജന്യ പറഞ്ഞു.

ജനറല്‍ നഴ്‌സിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ അജന്യ പഠനത്തിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പ് ചെയ്യാനാണ് മെഡിക്കല്‍ കോളജ് ആസ്പത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിലായിരുന്നു അജന്യ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്നത്. ആദ്യം പനി. ബീച്ച് ആസ്പത്രിയില്‍ ചികിത്സ തേടി. കുഴപ്പമില്ലെന്ന് കണ്ട് വീട്ടിലേക്ക് പോയി. എന്നാല്‍ പിന്നീട് പനിയും തലവേദനയും ഛര്‍ദിയും. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആസ്പത്രിയിലേക്ക്.

ക്ഷീണം കലശലായതോടെ അമ്മക്കൊപ്പം മെഡിക്കല്‍ കോളജിലെത്തി. വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളജ് ചെസ്റ്റ് ആസ്പത്രിയിലെ ഐ.സിയുവിലേക്കും വെന്റിലേറ്ററിലേക്കും മാറ്റി.

നീണ്ട പത്തു ദിവസത്തിനു ശേഷമാണ് അജന്യ വീണ്ടും ഓര്‍മകള്‍ വീണ്ടെടുത്തത്. ‘എല്ലാവരോടും നന്ദിയുണ്ട്, എന്ന പരിശോധിച്ച ഡോക്ടര്‍മാര്‍, പരിചരിച്ച നഴ്‌സുമാര്‍, പ്രാര്‍ത്ഥിച്ച നല്ലവരായ ജനങ്ങള്‍ എന്നിവരോട്. എല്ലാം ഭേദപ്പെട്ട് ഇനി നഴ്‌സിങ് സ്‌കൂളിലേക്ക് തിരിച്ചുപോകണം. പഠനം പൂര്‍ത്തിയാക്കണം. ഒരു നല്ല നഴ്‌സായി പ്രവര്‍ത്തിക്കണം’, അജന്യ പറഞ്ഞു.