തിരുവനന്തപുരം: ഓഖി ദുരന്തത്തിന് മാസങ്ങള്‍ പിന്നിട്ടിട്ടും ദുരിതത്തില്‍പെട്ട് കാണാതായവരുടെ എണ്ണത്തില്‍ സര്‍ക്കാരിന് നിശ്ചയമില്ല. കാണാതായവരുടെ കാര്യത്തില്‍ വ്യത്യസ്ത കണക്കുകളാണ് നിയമസഭയില്‍ ഫിഷറീസ് മന്ത്രിയും മുഖ്യമന്ത്രിയും നല്‍കിയത്.
103 പേരെ കാണാതായി എന്ന് ഫിഷറീസ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞപ്പോള്‍, 104 പേരെ കാണാതായി എന്നാണ് മുഖ്യമന്ത്രി സഭയെ രേഖാമൂലം അറിയിച്ചത്. ചോദ്യോത്തരവേളയില്‍ വി.എസ് ശിവകുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ 103പേരുടെ കണക്ക് അവതരിപ്പിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ് കാണാതായതെന്ന് വിശദീകരിച്ച മന്ത്രി, ബോധപൂര്‍വമാണ് ചിലര്‍ കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുന്നതെന്നും കുറ്റപ്പെടുത്തി. കാണാതായവരെക്കുറിച്ച് വകുപ്പിന് അവ്യക്തതയില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ പി. അബ്ദുള്‍ ഹമീദിന് മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ എണ്ണം 104 ആണ്. തിരുവനന്തപുരത്ത് നിന്നുള്ള 49 പേരും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് ഓരോരുത്തരുമായി ആകെ 51 മത്സ്യതൊഴിലാളികളുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ഫിഷറീസ് മന്ത്രി പറഞ്ഞു.
കാണാതായവര്‍ ഇനി തിരിച്ചെത്തില്ലെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. അതിനാല്‍ മരിച്ചവര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം കാണാതായവര്‍ക്കും നല്‍കും. മരിച്ചവരുടെയും കാണാതായവരുടെയും മക്കളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന 188 കുട്ടികളുണ്ട്. ഇവരുടെ തുടര്‍ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ബോഡിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവര്‍ക്കായി ഒരുക്കും. ഓഖി ദുരന്ത തീരത്ത് കേന്ദ്ര സംഘം വന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയെങ്കിലും തുടര്‍ നടപടികളിലേയ്ക്ക് പോയിട്ടില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
അതെ സമയം, ഓഖി ദുരന്തത്തില്‍ മത്സ്യബന്ധന യാനങ്ങള്‍ നഷ്ടമായ ഉടമകള്‍ക്ക് നഷ്ടപരിഹാരം പ്രത്യേകമായി നല്‍കുമെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികള്‍ക്ക് ശാക്തീകരണത്തിന്റെ ഭാഗമായി പ്രത്യേക ധനസഹായം നല്‍കും. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ രമണ്‍ശ്രീവാസ്തവ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അപകടത്തില്‍ പെടുന്ന മത്സ്യതൊഴിലാളികളെ കഴിയുന്നത്ര വേഗം രക്ഷപ്പെടുത്തി കരയിലെത്തിക്കാന്‍ സൗകര്യമുള്ള മുന്ന് മറൈന്‍ ആംബുലന്‍സുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മ്മിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീരദേശ സംരക്ഷണം സംബന്ധിച്ച് സംസ്ഥാനം കര്‍മ്മ പദ്ധതി തയാറാക്കുമെന്ന് സി മമ്മൂട്ടിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നിലവിലെ നിയമപ്രകാരം സമുദ്ര തീരത്തുനിന്ന് 200 മീറ്റര്‍ അകലത്തില്‍ മാത്രമേ വീടുവെക്കാന്‍കഴിയു. മറ്റു സംസ്ഥാനങ്ങള്‍ തീര സംരക്ഷണം സംബന്ധിച്ച് കര്‍മ പദ്ധതി തയാറാക്കിയതിനാല്‍ വീടു വെക്കുന്നതിന് ഇളവ് അനുവദിക്കുന്നുണ്ട്. കടലില്‍ നിന്ന് 50 മീറ്റര്‍വരെ അകലത്തില്‍ മാറ്റി പാര്‍പ്പിക്കാന്‍ 10 ലക്ഷം രൂപവീതം സര്‍ക്കാര്‍ അനുവദിക്കുണ്ട്. ക്രമേണ കടല്‍ത്തീരത്തുനിന്ന് 50 മീറ്റര്‍ അകലെവരെ താമസിക്കുന്ന മുഴുവന്‍ പേരെയും മാറ്റിപ്പാര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.