കഴിഞ്ഞ ദിവസം നടന്ന ചൈനീസ് സൂപ്പര്‍ ലീഗില്‍ ഗുവാന്‍സു ക്ലബ്ബുമായുള്ള മത്സരത്തിനിടെ താരങ്ങള്‍ തമ്മില്‍ കൂട്ടതല്ല്. ഓസ്‌കര്‍ പ്രകോപിതനായി ഷൂട്ട് ചെയ്തതാണ് കൂട്ടതല്ലില്‍ കലാശിച്ചത്. ഗുവാന്‍സുവിന്റെ രണ്ട് താരങ്ങള്‍ക്ക് നേരെയാണ് ഓസ്‌കര്‍ അക്രമാസക്തനായി ഷൂട്ട് ചെയ്തത്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ താരത്തിന്റെ ശരിക്കുള്ള അറ്റാക്കിംഗ് പുറത്തെടുത്ത കളിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കളിയുടെ ആദ്യ പകുതിയുടെ അവസാന മിനിറ്റിലാണ് താരം അക്രമാസക്തനായത്.

കാലില്‍ കിട്ടിയ പന്ത് ഗുവാന്‍സു നിരയിലെ രണ്ടു താരങ്ങള്‍ക്ക് നേരെ മനപൂര്‍വം നിറയൊഴിച്ച് ഓസ്‌കര്‍ വീര്യം കാട്ടുകയായിരുന്നു. എന്നാല്‍ ഇത് വരാനിരിക്കുന്ന പൊരിഞ്ഞയടിയുടെ തുടക്കം മാത്രമായിരുന്നു. ഓസ്‌കറിന്റെ അടിയില്‍ പ്രകോപിതരായ ഗുവാന്‍സു താരങ്ങള്‍ മുന്‍ ചെല്‍സി താരത്തെ മൈതാനത്ത് തള്ളിവീഴ്ത്തി. ഇതോടെ ഇരുടീമുകളുടെയും താരങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു. മൈതാനത്തുണ്ടായിരുന്ന താരങ്ങള്‍ക്ക് പുറമെ കൂട്ടയടിയില്‍ സബ്സ്റ്റിറ്റിയൂട്ടുകളും പരിശീലകരും കളത്തിലിറങ്ങി. ഏതായാലും താരപ്രഭയുമായി ചൈനീസ് ക്ലബ്ബിലെത്തി ചീത്തപ്പേര് സമ്പാദിച്ചിരിക്കുകയാണ് ഓസ്‌കര്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കഴിഞ്ഞ ജനുവരിയിലാണ് ബ്രസീലിയന്‍ യുവതാരം ഓസ്‌കര്‍, പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ചെല്‍സിയില്‍ നിന്നു ചൈനീസ് ക്ലബ്ബായ ഷാന്‍ഹായ് എസ്‌ഐപിജി ക്ലബ്ബിലെത്തുന്നത്. 60 ദശലക്ഷം യൂറോ എറിഞ്ഞായിരുന്നു അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ഓസ്‌കറിനെ ഷാന്‍ഹായ് ക്ലബ്ബ് സ്വന്തം പാളയത്തിലെത്തിച്ചത്.

വീഡിയോ