ലഖ്‌നൗ: ബിഹാറിലെ അഞ്ചു സീറ്റിലെ വിജയത്തിനു പിന്നാലെ അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. സംസ്ഥാനത്ത് ഓം പ്രകാശ് രാജ്ഭറിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി)യുമായി ചേര്‍ന്നാണ് ഉവൈസി മത്സരിക്കുക.

നേരത്തെ ബിജെപിക്ക് പിന്തുണ നല്‍കിയിരുന്ന ഓം പ്രകാശ് രാജ്ഭര്‍ ഗാസിപൂര്‍ ജില്ലയിലെ സഹൂര്‍ബാദില്‍ നിന്നുള്ള എംഎല്‍എയാണ്. യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ പിന്നാക്ക ജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു രാജ്ഭര്‍. 2019 മെയ് 20ന് ഇദ്ദേഹത്തെ മുന്നണി വിരുദ്ധ പ്രവര്‍ത്തനത്തിന് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

രാജ്ഭറുമായി ഉവൈസി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. ബുന്ദേല്‍ഖണ്ഡ് മേഖലയിലെ പ്രധാന ജാതി സമുദായമായ രാജ്ഭര്‍, പാല്‍ തുടങ്ങിയവരില്‍ നിര്‍ണായ രാഷ്ട്രീയ സ്വാധീനമുള്ള കക്ഷിയാണ് എസ്ബിഎസ്പി.

രാജ്ഭറുമായി കൂടി കൈ കോര്‍ത്തതോടെ എഐഎംഐഎം അടങ്ങുന്ന ഭഗീദാരി സങ്കല്‍പ്പ് മോര്‍ച്ച സഖ്യത്തില്‍ എട്ട് പാര്‍ട്ടികളായി. ബാബു സിങ് ഖുഷ്‌വാഹയുടെ ജന്‍ അധികാര്‍ പാര്‍ട്ടി, രാഷ്ട്രീയ ഉദയ് പാര്‍ട്ടി, രാഷ്ട്രീയ ഉപേക്ഷിത് സമാജ് പാര്‍ട്ടി, ജനതാ ക്രാന്തി പാര്‍ട്ടി തുടങ്ങിയ എട്ട് ചെറു കക്ഷികളാണ് സഖ്യത്തിലുള്ളത്.

ശിവ്പാല്‍ യാദവിന്റെ പ്രഗതിശീല്‍ സമാജ് പാര്‍ട്ടി (ലോഹ്യ)യെയും സഖ്യത്തില്‍ കൂടെക്കൂട്ടാന്‍ ഉവൈസി ശ്രമിക്കുന്നുണ്ട്. ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്രയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ഒരുപാട് ആത്മവിശ്വാസം ലഭിച്ചതായും പശ്ചിമബംഗാളിലും ഉത്തര്‍പ്രദേശിലും അതു തുടരുമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു. മുസ്‌ലിംകള്‍ നിര്‍ണായകമായ നിരവധി സീറ്റുകളുള്ള യുപിയില്‍ എഐഎംഐഎമ്മിന്റെ കടന്നു വരവ് നിര്‍ണായക രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കും.