കൊച്ചി: കര്‍ണാടകയില്‍ നിലവിലെ സാഹചര്യത്തില്‍ നിയമസഭ സ്പീക്കര്‍ സ്വീകരിക്കുന്ന നിലപാടിന് പിന്തുണയുമായി കേരള നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. കര്‍ണാടക നിയമസഭ പ്രതിസന്ധിയില്‍ ഗവര്‍ണറുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു.

നിയമസഭയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സഭയും സ്പീക്കറുമാണ്. അവിശ്വാസ പ്രമേയം സംബന്ധിച്ച ചര്‍ച്ചകളില്‍ ഇടപെടുവാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ഈ കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം അന്തിമമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് ഗവര്‍ണര്‍ കൂട്ട് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.