ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പദ്മാവതിയുടെ ട്രയിലര്‍ പ്രദര്‍ശിപ്പിച്ച തീയറ്റര്‍ കര്‍നി സേന പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് സംശയം ഉള്ളവര്‍ക്ക് വേണ്ടി സിനിമ പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് അക്രമം നടന്നത്. രാജസ്ഥാനിലെ ആകാശ് തീയറ്ററിന് നേരെയാണ് അക്രമം നടന്നത്. തീയറ്റര്‍ തകര്‍ത്ത എട്ടോളം കര്‍സി സേനപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

‘ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പ്രതിഷേധക്കാര്‍ നിയമം കൈയ്യിലെടുത്താല്‍ അവര്‍ നിയമപരമായ ശിക്ഷിക്കപ്പെടും. ആകാശ് തിയേറ്ററിനെതിരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്’, രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു.

മഹാരാഷ്ട്ര ബിജെപി ഘടകത്തിന്റെ വക്താവും ഉജ്ജയിന്‍ എംപിയുമായ ചിന്താമണി മാളവ്യ് പദ്മാവതി സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ബന്‍സാലിയെപ്പോലുള്ള സിനിമാക്കാര്‍ക്ക് ‘ചെരുപ്പിന്റെ ഭാഷ’ മാത്രമേ മനസ്സിലാകുകയുള്ളൂ മറ്റു ഭാഷകള്‍ അവര്‍ക്കു മനസ്സിലാകില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. റാണി പദ്മാവതിയോട് ഈ രാജ്യം ഒരിക്കലും ബഹുമാനമില്ലായ്മ കാട്ടില്ല. ചരിത്രത്തെ വളച്ചൊടിക്കുന്ന ഒന്നിനോടും സഹിഷ്ണുത പുലര്‍ത്തില്ലെന്നും എംപി പറഞ്ഞിരുന്നു.

നേരത്തേ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റ് ആക്രമിച്ച കര്‍നി സേന പ്രവര്‍ത്തകര്‍ സംവിധായകന്‍ ബന്‍സാലിയെ ആക്രമിച്ചിരുന്നു. ചിത്രം രജ്പുത് സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നാണ് രജ്പുത് കര്‍നി സേന കുറ്റപ്പെടുത്തിയത്.

ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് അലാവുദ്ദീന്‍ ഖില്‍ജിയായും ദീപിക പദുകോണ്‍, റാണി പദ്മാവതിയായുമാണ് അഭിനയിക്കുന്നത്. അലാവുദ്ദീന്‍ ഖില്‍ജിയുടെ സഭയിലെ കവിയെഴുതിയ ‘തെറ്റായ ചരിത്രത്തെ’ ആസ്പദമാക്കിയാണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.