ന്യൂഡല്‍ഹി: പാകിസ്താന് മുന്നറിയിപ്പുമായി വീണ്ടും ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്ത്. ആവശ്യമാണെങ്കില്‍ പാക് മണ്ണില്‍ വീണ്ടും മിന്നലാക്രമണം നടത്തുമെന്ന് ്അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം നടത്തി പ്രകോപനമുണ്ടാക്കുന്ന പാകിസ്താന്റെ ഭാഗത്തു നിന്ന് കൂടുതല്‍ ശക്തമായ നീക്കമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കും. പാക് മണ്ണില്‍ നിന്നുള്ള നിഴല്‍യുദ്ധം നിരീക്ഷിച്ച് വരികയാണെന്നും സ്ഥിതി വഷളായാല്‍ രണ്ടാമതും മിന്നലാക്രമണം നടത്താന്‍ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അതിര്‍ത്തിയില്‍ ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന സൈനികരുടെ പരാതിയിലും അദ്ദേഹം പ്രതികരിച്ചു. പരാതിയുണ്ടെങ്കില്‍ അവര്‍ക്ക് തന്നെ നേരിട്ട് ബന്ധപ്പെടാമെന്ന് കരസേനാ മേധാവി പറഞ്ഞു. പരാതി സ്വീകരിക്കുന്നതിന് സൈനിക ക്വാര്‍ട്ടേഴ്‌സില്‍ പ്രത്യേക പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. പരാതി ഉന്നയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. സമൂഹമാധ്യമങ്ങളിലൂടെ സൈന്യത്തിന്റെ സൗകര്യമില്ലായ്മ വിളിച്ചു പറയുന്നത് ശരിയല്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.