വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു ഫലസ്തീന്‍ പെണ്‍കുട്ടിയെക്കൂടി ഇസ്രാഈല്‍ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. ഫാത്തിമ ഹജീജി എന്ന പതിനാറുകാരിയാണ് കൊല്ലപ്പെട്ടത്. സ്‌കൂള്‍ വിട്ട ശേഷം ജറൂസലമിലെ അമ്മാവന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് ഫാത്തിമയെ ഇസ്രാഈല്‍ പൊലീസുകാര്‍ വെടിവെച്ചു വീഴ്ത്തിയത്. ജറൂസലമിലേക്കുള്ള കവാടത്തില്‍ ഇസ്രാഈല്‍ ചെക്‌പോയിന്റിനു സമീപം പൊലീസുകാരെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്ന ഇസ്രാഈല്‍ വിശദീകരണം ഫാത്തിമയുടെ കുടുംബവും ദൃക്‌സാക്ഷികളും നിഷേധിച്ചു.

വെടിയേല്‍ക്കുമ്പോള്‍ പൊലീസ് ചെക്‌പോയിന്റില്‍നിന്ന് 10 മീറ്റര്‍ അകലെയായിരുന്നു അവളെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. നിരായുധയായ ഫാത്തിമ നിലത്തു വീണ ശേഷവും പൊലീസുകാര്‍ വെടിവെപ്പ് തുടര്‍ന്നു. മൃതദേഹം തിരിച്ചറിയാനെത്തിയ പിതാവിനെയും ഇസ്രാഈല്‍ പൊലീസുകാര്‍ മൂന്നു മണിക്കൂറോളം കസ്റ്റഡിയില്‍ വെച്ച് ചോദ്യംചെയ്തു. ഫാത്തിമയുടെ മൃതദേഹത്തിനു സമീപം പൊലീസുകാര്‍ ഒരു കത്തിയും വെച്ചിരുന്നു. വ്യാജ ആരോപണങ്ങളുന്നയിച്ച് ഫലസ്തീനികളെ വെടിവെച്ചു കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ സമീപ കാലത്ത് വര്‍ധിച്ചിട്ടുണ്ട്. 2015 ഒക്ടോബറിനുശേഷം നൂറുകണക്കിന് ഫലസ്തീനികളാണ് ഈ വിധം കൊല്ലപ്പെട്ടത്. 2016ല്‍ മാത്രം 31 കുട്ടികളുള്‍പ്പെടെ 101 ഫലസ്തീനികളെ ഇസ്രാഈല്‍ സുരക്ഷാ സേന കൊലപ്പെടുത്തിയതായി ഇസ്രാഈലിലെ ഒരു പ്രമുഖ മനുഷ്യാവകാശ സംഘടന പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈവര്‍ഷം കൊല്ലപ്പെടുന്ന ഏഴാമത്തെ ഫലസ്തീന്‍ കുട്ടിയാണ് ഫാത്തിമ.