കൊല്ലം: കൊല്ലം പത്തനാപുരത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കന്യാസ്ത്രീയുടേത് മുങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മഠത്തിലെ കിണറ്റില്‍ മരിച്ച നിലയിലാണ് സിസ്റ്റര്‍ സൂസണ്‍ മാത്യുവിനെ കണ്ടെത്തിയത്. വെള്ളം ഉളളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പേര്‍ട്ട്. കന്യാസ്ത്രീയുടെ വയറ്റില്‍ നിന്ന് നാഫ്ത്തലിന്‍ ഗുളികയും കണ്ടെത്തിയിട്ടുണ്ട്.

ഇടതു കൈയിലുണ്ടായിരുന്നത് ആഴത്തിലുള്ള മുറിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, അന്വേഷണ സംഘം ഇന്നും മഠത്തിലെ കന്യാസ്ത്രീകളുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. ആത്മഹത്യയാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിലെ അസ്വാഭാവികത സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് പൊലീസ് തീരുമാനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ച മൊഴികളും ഒത്ത് നോക്കിയ ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്നാണ് പൊലീസ് പറയുന്നത്.

സൂസണ്‍ മാത്യൂ മുടി മുറിച്ചതും കൈകളിലെ മുറിവുമാണ് പൊലീസിനെ കുഴക്കുന്ന ചോദ്യങ്ങള്‍. എന്തിനായിരുന്നു മുടി മുറിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡോ. ശശികലയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്നത്. നടപടികളുടെ ദൃശ്യങ്ങള്‍ പൊലീസ് പകര്‍ത്തുന്നുണ്ട്. നാളെ മൗണ്ട് താബൂര്‍ ദേറയിലാണ് സിസ്റ്റര്‍ സൂസണ്‍ മാത്യുവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

ഇന്നലെയാണ് കന്യാസ്ത്രീയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനലിയില്‍ കണ്ടത്. ജീവനക്കാരാണ് മൃതദേഹം ആദ്യമായി കണ്ടത്. കിണറ്റിനു സമീപത്ത് രക്തത്തുള്ളികള്‍ കണ്ടപ്പോള്‍ സംശയം തോന്നിയ ജീവനക്കാര്‍ കിണര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സുമെത്തി കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. സഭാവസ്ത്രം ധരിച്ച് കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.