അഹമ്മദാബാദ്: ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയും വിജയം നേടി അധികാരത്തിലെത്തിയ ബിജെപി മന്ത്രിസഭാ രൂപീകരണത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലാകുന്നു. അപ്രധാനവകുപ്പുകള്‍ നല്‍കി ‘ഒതുക്കി’യെന്ന് പരാതി ഉന്നയിച്ച ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് പിന്തുണയേറുകയാണ്. കോണ്‍ഗ്രസിനും പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിനും പിന്നാലെ നിതിന്‍ പട്ടേലിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് (എസ്പിജി) കണ്‍വീനര്‍ ലാല്‍ജി പട്ടേലും രംഗത്തെത്തി. ഇതോടെ ബി.ജെ.പിക്ക് കൂടുതല്‍ തലവേദനയാകും.

നിതിന്‍ പട്ടേലിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ മണ്ഡലമായ മെഹ്‌സാനയില്‍ പുതുവര്‍ഷ ദിനത്തില്‍ ബന്ദ് ആചരിക്കാനും ലാല്‍ജി പട്ടേല്‍ ആഹ്വാനം ചെയ്തു. ഹാര്‍ദിക് പട്ടേലിനൊപ്പം പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നേതാവാണ് ലാല്‍ജി. നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കുമെന്നും ലാല്‍ജി പട്ടേല്‍ മുന്നറിയിപ്പു നല്‍കി. അനുയായികളോടൊപ്പം നിതിന്‍ പട്ടേലിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് ലാല്‍ജി പട്ടേല്‍ മെഹ്‌സാനയില്‍ ബന്ദ് പ്രഖ്യാപിച്ചത്.

ഇത്തവണയും അദ്ദേഹത്തിന് മുഖ്യമന്ത്രിസ്ഥാനം നല്‍കാതിരുന്നതിന് ന്യായീകരണമില്ല. ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഇതില്‍ കടുത്ത അമര്‍ഷവുമുണ്ട്. നിലവില്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകാന്‍ ഏറ്റവും അനുയോജ്യനായ ആള്‍ നിതിന്‍ പട്ടേലാണെന്നും ലാല്‍ജി പട്ടേല്‍ അഭിപ്രായപ്പെട്ടു.

ഞാന്‍ ഇന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് ആരായുകയും ചെയ്തു. അന്തിമ തീരുമാനം അദ്ദേഹത്തിന്റേതാണ്. രണ്ടു ദിവസത്തിനുള്ളില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം അറിയിച്ചതയാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത് – ലാല്‍ജി പട്ടേല്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി വിജയ് രൂപാനിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധനവകുപ്പും നഗരവികസന വകുപ്പും വേണമെന്ന പട്ടേലിന്റെ ആവശ്യം തള്ളിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രധാന വകുപ്പുകളില്‍ നിന്നും തന്നെ മാറ്റിയ രൂപാനിയുടെ നടപടിക്കെതിരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ രൂക്ഷമായാണ് പട്ടേല്‍ പ്രതികരിച്ചത്. ഇതിനു പിന്നാലെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പത്ത് എം.എല്‍.എമാര്‍ക്കൊപ്പം താനും രാജിവെക്കുമെന്ന് മുന്‍മന്ത്രിയും വഡോദര എം.എല്‍.എയുമായ രാജേന്ദ്ര ത്രിവേദിയും ഭീഷണി മുഴക്കിയിട്ടുണ്ട്. ആവശ്യപ്പെട്ട വകുപ്പുകള്‍ കിട്ടിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നറിയിച്ച് നിതിന്‍ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും കത്തയച്ചതായും വിവരമുണ്ട്.