ഫസലുറഹ്മാന്‍
കാഞ്ഞങ്ങാട് പെരിയ ഇരട്ടകൊല കേസില്‍ തൊണ്ണൂറ് ദിവസത്തിനുള്ളില്‍ തട്ടിക്കൂട്ടി കുറ്റപത്രം നല്‍കി അന്വേഷണം അവസാനിപ്പിക്കാ നുള്ള ക്രൈംബ്രാഞ്ച് നീ ക്കം വിവാദത്തില്‍. കോടതിയില്‍ രണ്ടു തവണ ഹരജി നല്‍കി പൊലീസ് സര്‍ജന്‍ വാളുകള്‍ പരി ശോധിക്കാന്‍ എത്തിയിട്ടും കോടതിയില്‍ ക്രൈംബ്രാഞ്ച് കൊടുത്ത പിഴവില്‍ പ്രതിഭാഗം വക്കീല്‍ പിടിച്ചുനിന്നതോടെ സീല്‍ പോലും പൊളിക്കാതെ വാളുകള്‍ ചുമ്മാ നോക്കി പൊലീസ് സര്‍ജന് മടങ്ങേണ്ടി വന്നു.
ആ രീതിയില്‍ മാത്രമെ കോടതിക്ക് മുമ്പില്‍ ഹരജി സമര്‍പ്പിക്കാനാവൂ എന്നാണ് ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് നിയമോപദേശം നല്‍കുന്ന അസി. പബ്ലിക പ്രോസിക്യൂട്ടര്‍ ഷൈലജ മഠത്തില്‍ പറയുന്നത്. ഇതോടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ മൂന്നു വാളുകള്‍ പൊലീസ് സര്‍ജനെ കൊണ്ട് പരിശോധിപ്പിച്ച് മുറിവും മൂര്‍ച്ചയും പൊരുത്തപ്പെടുത്താമെന്ന ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടലും തെറ്റി. ആയുധങ്ങള്‍ കാണുകമാത്രം ചെയ്ത പൊലീസ് സര്‍ജന്‍ നല്‍കുന്ന മൊഴി വിചാരണ കോടതിയില്‍ പ്രതിഭാഗം അഭിഭാഷകരുടെ വാദത്തില്‍ ബലപ്പെടാതെപോകും. വാളുകളിലും ഇരുമ്പ് ദണ്ഡുകളിലും രേഖപ്പെടുത്തിയ നീളവും വീതിയും പൊലീസ് സര്‍ജന്‍ കുറിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഈകണക്കും മൃതദേഹത്തിലെ മുറിവുകളുടെ ആഴവും ഒത്തുനോക്കിയാലും വാദത്തിന് ബലമുണ്ടാവില്ല.
വാളിന്റെ മൂര്‍ച്ചയും കനവും മനസിലാക്കാതെ എങ്ങനെയാണ് കൃത്യമായ നിഗമനത്തിലെത്താനാവുകയെന്ന ചോദ്യമാകും വിചാരണവേളയില്‍ ഉയരുക. കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും ശരീരത്തിലെ ആഴമേറിയ മുറിവുകളും കണ്ടെടുത്ത വാളുകളുടെ അളവും പ്രാഥമിക ഒത്തുനോക്കലില്‍ തന്നെ പൊരുത്തപ്പെടാതെ പോകുന്നുണ്ട്. കൃപേഷിന് വലിയ മുറിവും ശരത്‌ലാലിന് ഇരുപത് മുറിവുമേറ്റിട്ടുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. രണ്ടിടത്തായി കിടന്ന ഇരുവരുടെയും ദേഹത്ത് മൂന്നു വാളുകള്‍ ഉപയോഗിച്ച് ഇത്രയധികം മുറിവേല്‍പ്പിക്കാന്‍ കഴിയുമോയെന്ന ചോദ്യവും ബാക്കിയാകുന്നു. അതിലൊന്നിന്റെ പിടിയും ഊരിപ്പോയിരുന്നു. പിടിയുള്‍പ്പെടെ 67സെന്റിമീറ്റര്‍ ആണ് ഒന്നാമത്തെ വാളിന്റെ നീളം. ഈവാളിന്റെ വീതി നാല് സെന്റിമീറ്റര്‍ ആണ്. രണ്ടാമത്തെയും മൂന്നാമത്തെയും വാളുകള്‍ക്ക് രണ്ടര സെന്റീമീറ്റര്‍ മാത്രമേ വീതിയുള്ളൂ. പിടിയുള്‍പ്പെടെയുള്ള നീളം 63 സെന്റിമീറ്ററാണ്. ശരത്‌ലാലിന്റെ തലയുടെ ഇടതുഭാഗത്ത് 16.15 സെന്റിമീറ്റര്‍ നീളത്തില്‍ വെട്ടേറ്റിട്ടുണ്ട്. കൃപേഷിന്റെ മൂര്‍ധാവിലേറ്റ വെട്ടിന് 13.5 സെന്റിമീറ്ററാണ് നീളം. മറ്റുള്ള ഓരോ മുറിവിന്റെയും നീളത്തിനും ആഴത്തിനും വലിയ വ്യത്യാസമുണ്ട്. വാളുകളുടെ നീളവും വീതിയും ഈ മുറിവുകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. വാളുകള്‍ എവിടെനിന്നാണ് വാങ്ങിയതെന്ന് പ്രതികളോട് ചോദിക്കുകയോ ഉറവിടം കണ്ടെത്തുകയോ അന്വേഷണസംഘം ചെയ്തിട്ടില്ല.
വാള്‍ വാങ്ങിയ ശേഷം മൂര്‍ച്ചകൂട്ടിയതാണോ എന്ന സംശയം ദൂരീകരിക്കാന്‍ ആദ്യം കേസന്വേഷിച്ച ലോക്കല്‍ പൊലീസിനോ പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനോ കഴിഞ്ഞിട്ടില്ല. അതിനിടയില്‍ ആയുധങ്ങള്‍ പരിശോധിക്കാന്‍ എത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ പൊലിസ് സര്‍ജന്‍ സീല്‍ ചെയ്ത ആയുധങ്ങള്‍ പരി ശോധിക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.