ന്യൂഡല്‍ഹി: കുത്തുബ് മിനാര്‍ സമുച്ചയത്തില്‍ ഹിന്ദു, ജൈന മത വിഗ്രഹങ്ങള്‍ പുനസ്ഥാപിച്ച് ആരാധന നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി കോടതി ഇന്ന് പരിഗണിക്കും.

ഗ്യാന്‍വാപി മസ്ജിദ്, മഥുര മസ്ജിദ് വിഷയങ്ങള്‍ കോടതിയിലിരിക്കെയാണ് കുത്തുബ് മിനാര്‍ വിഷയവും കോടതിയിലേക്ക് എത്തുന്നത്. 27 ക്ഷേത്രങ്ങള്‍ തകര്‍ത്തതാണ് കുത്തുബ് മിനാര്‍ സമുച്ചയത്തിലുള്ള ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദ് നിര്‍ മിച്ചതെന്നാണ് ഹ ര്‍ജിക്കാരുടെ വാദം. ഹിന്ദു മതവിശ്വാസികള്‍ ആരാധിക്കുന്ന വിഷ്ണുവിന്റെയും ജൈന മതവിശ്വാസികള്‍ ആരാധിക്കുന്ന ഋഷഭ് ദേവിന്റെയും വിഗ്രഹങ്ങള്‍ സ്ഥാപിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. 1882ലെ ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് പ്രകാരം ട്രസ്റ്റ് രൂപവത്കരിക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ക്ഷേത്ര സമുച്ചയത്തിന്റെ നടത്തിപ്പും ഭരണവും കൈമാറണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.

സമുച്ചയത്തില്‍ നിന്ന് രണ്ട് ഗണേശ വിഗ്രഹങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നീക്കം ചെയ്‌തേക്കുമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരുമെന്ന് ഏപ്രില്‍ 18ന് ഇതേ കോടതി നിര്‍ദേശിച്ചിരുന്നു.