X
    Categories: indiaNews

പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യക്ക് (പി.എഫ്.ഐ) നിരോധനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി

ബെംഗളൂരു: പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യക്ക് (പി.എഫ്.ഐ) നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. പി.എഫ്. ഐ കര്‍ണാടക പ്രസിഡന്റായിരുന്ന നസീര്‍ പാഷയാണ് കോടതിയെ സമീപിച്ചത്.
സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഹര്‍ജി പരിഗണിച്ചത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള നസീര്‍ പാഷ, ഭാര്യ മുഖേനയാണ് ഹര്‍ജി നല്‍കിയത്. യു.എ.പി.എയുടെ സെക്ഷന്‍ 3 (1) പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് അഞ്ചു വര്‍ഷത്തേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ അനുബന്ധ സംഘടനകളേയും നിയമവിരുദ്ധമായി പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ ആണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്. ഇത്തരമൊരു നിയമം ഉപയോഗിച്ച് നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ അതിന് വ്യക്തമായ കാരണങ്ങള്‍ അധികാരികള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അതുണ്ടായില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
നിരവധി സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന, നിരവധി ആളുകള്‍ പിന്തുടരുകയും പ്രയോജനം നേടുകയും ചെയ്ത സംഘടന, ഒരു കാരണവും വ്യക്തമാക്കാതെ, നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും നിരോധനം ഉടനടി പ്രാബല്യത്തിലാക്കുകയും ചെയ്തു. ഇത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും പി.എഫ്.ഐക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയകുമാര്‍ എസ്. പാട്ടീല്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ നിരോധനം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ കാരണങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ടെന്നും ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹര്‍ജിയെ എതിര്‍ത്ത് വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് സെപ്തംബര്‍ 28 നാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
നിരോധനനടപടി ഹൈക്കോടതി സിറ്റിംഗ്ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച് അന്തിമതീരുമാനമെടുക്കണമെന്ന ചട്ടപ്രകാരമാണ് കേന്ദ്രം തുടര്‍നടപടി പ്രഖ്യാപിച്ചത്. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ ആറ് മാസത്തിനകം വിശദമായ വാദം കേട്ട് നിരോധനം നിയമസാധുതയുള്ളതാണോയെന്ന് തീരുമാനമെടുക്കും. പോപ്പുലര്‍ ഫ്രണ്ട് നിരോധനം
ശരിവെച്ച് ഹൈക്കോടതി

 

Chandrika Web: