പാരീസ്: വടക്കന്‍ ഫ്രാന്‍സിലെ മുസ്‌ലിം പള്ളിക്ക് നേരെ അക്രമം. അക്രമികള്‍ രണ്ട് പന്നികളുടെ തലകള്‍ മസ്ജിദില്‍ ഉപേക്ഷിച്ചതായി മസ്ജിദ് അധികാരികള്‍ പറഞ്ഞു. പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന ഓയിസിലെ കോമ്പിഗന്‍ നഗരത്തിലെ ഗ്രാന്റ് മസ്ജിദിലാണ് അക്രമി സംഘം പന്നികളുടെ തലകള്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ പള്ളി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവന ലോകത്താകമാനം ചര്‍ച്ചയാകുന്നതിനിടെയാണ് വടക്കന്‍ ഫ്രാന്‍സില്‍ ഈ സംഭവം അരങ്ങേറുന്നത്. എന്നാല്‍ മാക്രോണിന്റെ പ്രസ്താവനയ്‌ക്കെതിരെ അറബ് ലോകം കടുത്ത വിമര്‍ശനമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെട്ട് തുര്‍ക്കിഷ് പ്രസിഡന്റ് റിസെപ് തയ്യിപ്പ് എര്‍ദോഗന്‍ രംഗത്തെത്തിയരുന്നു. മുമ്പ് തന്നെ തുര്‍ക്കി അവരുടെ അഭിഭാഷകനെ പാരിസില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു. കുവൈത്തില്‍ സര്‍ക്കാറേതര, കണ്‍സ്യൂമര്‍ കോപറേറ്റീവ് സൊസൈറ്റി സര്‍ക്കുലര്‍ വഴി ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എഴുപതിലധികം സ്ഥാപനങ്ങളാണ് സൊസൈറ്റിക്ക് കീഴിലുള്ളത്.

ഖത്തറില്‍ പൊതുമേഖലാ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍മീരയും സൂള്‍ അല്‍ ബലദിയും ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഖത്തര്‍-ഫ്രാന്‍സ് സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചിരുന്നു.മധ്യേഷ്യയിലെ മിക്ക സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇപ്പോള്‍ ഫ്രഞ്ച് ചരക്കുകള്‍ ലഭ്യമല്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.