ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാര്‍ നായരെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു കൃഷ്ണകുമാര്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്.

അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയില്‍ റിഗ്ഗിങ് സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്നയാളാണ് കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായര്‍. യു.എ.ഇയില്‍ വച്ചായിരുന്നു കൃഷ്ണകുമാര്‍ വധഭീഷണി മുഴക്കിയത്. നേരത്തെ ഇയാള്‍ക്കെതിരെ കൊച്ചി പൊലീസ് കേസെടുത്തിരുന്നു.

ഫേസ്ബുക്കിലെ വീഡിയോ വിവാദമായതോടെ മാപ്പ് അപേക്ഷിച്ചു കൊണ്ട് മറ്റൊരു ഫെയ്‌സ്ബുക്ക് വീഡിയോ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയോടും കുടുംബത്തോടും വല്ലാത്ത അപരാധമാണ് ചെയ്തതെന്നും മാപ്പ് തരണമെന്നും കൃഷ്ണകുമാര്‍ വീഡിയോവില്‍ പറഞ്ഞിരുന്നു. മദ്യലഹരിയില്‍ പറ്റിപ്പോയ അബദ്ധമാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.