ദുബൈ: പാര്‍ലമെന്റില്‍ ഈ മാസം 27ന് നടന്ന മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രസിഡന്റ് വിശദീകരണം ചോദിച്ചതിന് മറുപടി നല്‍കിയെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ ശിരസാവഹിക്കാന്‍ ബാധ്യസ്ഥനാണെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ഇതുമായി ബന്ധപ്പെട്ട് ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭയില്‍ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ അത് വെച്ച് മുത്തലാഖ് ബില്‍ പാസാക്കുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ടു തന്നെ, ഈ വിഷയത്തില്‍ എന്ത് സ്ട്രാറ്റജി സ്വീകരിക്കണമെന്നത് സംബന്ധിച്ച് യുപിഎയുമായും തൃണമൂല്‍, എഐഎഡിഎംകെ എന്നീ കക്ഷികളുമായും ദിവസങ്ങള്‍ക്ക് മുന്‍പു തന്നെ ചര്‍ച്ച ചെയ്തിരുന്നു. ഇ.ടിയുമായി മുന്‍കൂട്ടി കാര്യങ്ങള്‍ ആലോചിച്ചു. മറ്റു വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ബഹിഷ്‌കരണം തുടരുകയായിരുന്നല്ലോ. മുത്തലാഖില്‍, പാര്‍ലമെന്റിന്റെ വെല്ലില്‍ ഇറങ്ങാതെ ചര്‍ച്ചയെ തുടര്‍ന്ന് ബഹിഷ്‌കരിക്കുക എന്നായിരുന്നു തീരുമാനം. പിന്നീട്, മുത്തലാഖ് ബില്‍ സംബന്ധിച്ച തീയതികള്‍ മാറിമാറി വന്നു. എങ്കിലും, സ്ട്രാറ്റജിയില്‍ ഞങ്ങള്‍ ഉറച്ചു തന്നെയായിരുന്നു. ബഹിഷ്‌കരണ കാര്യത്തില്‍ ഇ.ടിയെ ചുമതലപ്പെടുത്തി. കെ.സി വേണുഗോപാലുമായും സംസാരിച്ചിരുന്നു. എന്നാല്‍, പൊടുന്നനെ വോട്ടെടുപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. അപ്പോള്‍ ഞാന്‍ നാട്ടിലായിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതാണ് ഉചിതമെന്ന് ഞങ്ങള്‍ ഉടന്‍ തന്നെ നിലപാട് സ്വീകരിച്ചു. അതേത്തുടര്‍ന്നാണ് ഇ.ടി എതിര്‍ത്ത് വോട്ട് ചെയ്ത് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. അങ്ങനെയാണ് എതിര്‍ത്ത് 11 വോട്ടുകളായത് -അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട്ട് ചന്ദ്രിക ഗവേണിംഗ് ബോഡി യോഗം 27ന് നടന്നിരുന്നു. വളരെ സുപ്രധാനമായ യോഗമായതിനാല്‍ അതില്‍ പങ്കെടുക്കേണ്ടത് അനിവാര്യമായിരുന്നു. പി.എ ഇബ്രാഹിം ഹാജി, ഉമ്മര്‍ പാണ്ടികശാല, റസാഖ് മാസ്റ്റര്‍, സൂപ്പി തുടങ്ങിയ അംഗങ്ങളെല്ലാം അതില്‍ പങ്കെടുത്തിരുന്നു. യാദൃഛികമായി വോട്ടെടുപ്പ് വന്നതിനാലാണ് ഈ നിലയിലേക്ക് കാര്യങ്ങളെത്തിയത്. അങ്ങനെയാണ് പാര്‍ലമെന്റില്‍ എന്റെ അസാന്നിധ്യമുണ്ടായത്. മുത്തലാഖിന്റെ ആദ്യ വട്ട ചര്‍ച്ചയില്‍ വളരെ സജീവമായി പങ്കെടുത്തയാളാണ് ഞാന്‍. ശക്തിയുക്തം അന്നതിനെ എതിര്‍ക്കുകയും ചെയ്തു. എല്‍ഡിഎഫിന്റെ നിരവധി അംഗങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയിലും വോട്ടെടുപ്പിലും ഹാജരായിരുന്നില്ല. അതാര്‍ക്കും വിഷയമല്ല. എന്നാല്‍, എന്റെ അസാന്നിധ്യം പലരും വിവാദമാക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ താല്‍പര്യം അറിയാം. അതേസമയം, എന്റെ പാര്‍ട്ടി എന്നോട് വിശദീകരണം ചോദിച്ചത് ഓരോ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമുള്ള ഉത്തരവാദിത്ത ബോധത്തെ സൂചിപ്പിക്കുന്നതാണ്. എന്നാല്‍, എല്‍ഡിഎഫ് അംഗങ്ങളുടെ അസാന്നിധ്യത്തെ കുറിച്ച് അവര്‍ വിശദീകരണം ചോദിച്ചുവോ? എല്‍ഡിഎഫ് അതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

31ന് രാജ്യസഭയില്‍ ഈ ബില്ല് വരുമ്പോള്‍ അതിനെ പരാജയപ്പെടുത്താന്‍ ആവശ്യമായ എല്ലാ നീക്കങ്ങളും യുപിഎയും മറ്റു കക്ഷികളും ചേര്‍ന്ന് സ്വീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഈ മുത്തലാഖ് ബില്‍ ദുഷ്ടലാക്ക് ബില്ലാണെന്ന് അര്‍ക്കാണറിഞ്ഞു കൂടാത്തത്? ഇന്ത്യാ മഹാ രാജ്യത്ത് അതീവ ശ്രദ്ധയോടെ ഇടപെടേണ്ട നിരവധി പ്രശ്‌നങ്ങളും വിഷയങ്ങളുമുള്ളപ്പോള്‍ ഇതിന്മേല്‍ അവര്‍ ഇത്ര ധൃതിയില്‍ പാഞ്ഞു കയറുന്നതിന്റെ അജണ്ട തീര്‍ത്തും ദുരുദ്ദേശ്യപരമെന്നത് ഏത് കുഞ്ഞിനുമറിയാവുന്നതാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ബിജെപിയുടെ ഗൂഢ താല്‍പര്യമാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ വിഷയത്തില്‍ വിവാദം സൃഷ്ടിച്ച് തന്റെ വീട്ടിലേക്ക് ഐഎന്‍എല്‍ മാര്‍ച്ചും പ്രതിഷേധവും നടത്തിയതുമൊന്നും വിഷയമേയല്ലെന്നും ഒരു ജനാധിപത്യ സംവിധാനത്തില്‍ അവര്‍ക്ക് അതിന് അധികാരമുണ്ടെന്നും, എന്നാല്‍, ഇതിനെക്കാള്‍ വലിയ പ്രതിസന്ധികളെയൊക്കെ താനും തന്റെ പാര്‍ട്ടിയും അഭിമുഖീകരിച്ചിട്ടുണ്ടെന്നത് അവര്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. സ്വജനപക്ഷപാതത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജിയാവശ്യത്തില്‍ തങ്ങള്‍ ഉറച്ചു തന്നെയാണുള്ളതെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി പറഞ്ഞ അദ്ദേഹം, നിരന്തരമായി നേരിടുന്ന പ്രക്ഷോഭത്തില്‍ ഗത്യന്തരമില്ലാതായ മന്ത്രി ഒരു പിടിവള്ളിയെന്ന നിലയിലാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ തൂങ്ങുന്നതെന്നും ഇതൊക്കെ എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മുത്തലാഖ് വിഷയത്തില്‍ ബിജെപിക്കെതിരെ ശക്തമായി കാമ്പയിന്‍ ചെയ്യാനാണ് യുപിഎയും മറ്റു കക്ഷികളും തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യത്തിലുള്ള ബിജെപിയുടെ ഗൂഢ താല്‍പര്യം രാജ്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടുമെന്നും അക്കാര്യത്തിലുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു.
രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനം വിജയിപ്പിക്കാനുള്ള പദ്ധതികള്‍ എഐസിസി സെക്രട്ടറി ഹിമാന്‍ഷു വ്യാസുമായി ഇന്നലെ രാവിലെ ചര്‍ച്ച ചെയ്ത ശേഷമാണ് കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചത്. രാഹുലിന്റെ സന്ദര്‍ശനം വന്‍ വിജയമാക്കാന്‍ ഓരോ കെഎംസിസി പ്രവര്‍ത്തകരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മുന്‍പ് ദുബൈയില്‍ നരേന്ദ്ര മോദിയുടെ പരിപാടിയിലുണ്ടായിരുന്നതിനെക്കാള്‍ ജനം രാഹുലിന്റെ പരിപാടിയില്‍ സംബന്ധിക്കുമെന്നാണ് പ്രതീക്ഷയെന്നും ആ നിലക്കുള്ള വമ്പിച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
ദുബൈ കെഎംസിസി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടിയും മുസ്തഫ തിരൂരും പി.കെ കുഞ്ഞാലിക്കുട്ടിയോടൊപ്പമുണ്ടായിരുന്നു.