ചക്കരക്കല്ല്: പ്ലസ്ടു അറബി ചോദ്യക്കടലാസിനെ കുറിച്ച് വ്യാപക പരാതി. ഇന്നലെ നടന്ന പരീക്ഷാ ചോദ്യക്കടലാസിലാണ് വ്യാപക തെറ്റുകളും അവ്യക്തതകളുമുണ്ടായത്. ചോദ്യക്കടലാസ് വായിച്ചു മനസ്സിലാക്കാനാകാത്ത വിധം അപൂര്‍ണ്ണവും അവ്യക്തവുമായതായി വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പരാതിപ്പെട്ടു. മാതൃക പരീക്ഷയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായതും ഗ്രാമറിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയുമുണ്ടായി.

ഏഴാമത്തെ ചോദ്യത്തില്‍ ‘വുലിദ’ എന്ന വാക്കിനു പകരം ‘വലദി’ എന്നാണ് കൊടുത്തിട്ടുള്ളത്. ഒമ്പതാമത്തെ ചോദ്യത്തിലാവട്ടെ അടിവരയിട്ട പദത്തിന്റെ ഇസ്മുല്‍ ആലത്ത് കൊണ്ട് പൂരിപ്പിക്കാനുള്ള ചോദ്യത്തില്‍ അടിവര നല്‍കിയതുമില്ല. പതിനാലാമത്തെ ചോദ്യം അറബിഭാഷാ വ്യാപനത്തെ കുറിച്ച് എഴുതാനുള്ളതാണ്. എന്നാല്‍ മുദക്കിറ, ഫ്ക്‌റ, മഖാല എന്നിവ എന്താണെന്ന് വ്യക്തതയില്ല. പതിനാറാമത്തെ ചോദ്യത്തിന് ഉത്തരമെഴുതണമെങ്കില്‍ പദ്യവും ഇതിനോടൊപ്പം നല്‍കണമായിരുന്നു. എന്നാല്‍ ചോദ്യകര്‍ത്താക്കളുടെ മനസ്സിലുള്ള ഉത്തരം വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിക്കണമെന്ന സ്ഥിതിയിലായിരുന്നു ഈ ചോദ്യം. പദ്യം നല്‍കാതെയായിരുന്നു ഇത്തരത്തില്‍ ചോദ്യം നല്‍കിയത്.
പത്തൊമ്പതാമത്തെ ചോദ്യത്തില്‍ അവാമിര്‍ എന്നത് അത്വാമിര്‍ എന്നായും മാറി. ഇരുപത്തിയഞ്ചാം ചോദ്യത്തില്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തേണ്ടത് മുഴുവനാണോ ‘നിഖാതുകള്‍’ മാത്രമാണോ എന്ന് വ്യക്തമാക്കിയില്ല. ഇരുപത്തിയേഴാമത്തെ ചോദ്യത്തില്‍ ‘ദിക്‌രിയ്യത്ത്’ എന്നു വേണ്ടത് ‘സിക്‌രിയ്യത്ത്’ എന്നാണുള്ളത്. ചുരുക്കത്തില്‍ അവ്യക്തതയും അക്ഷരപ്പിഴവുകളുള്ള 29 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ട്. പൊതുപരീക്ഷയുടെ ഗൗരവം ഉള്‍ക്കൊള്ളാതെയാണ് ചോദ്യക്കടലാസ് തയ്യാറാക്കിയതെന്ന് അധ്യാപകരും പറയുന്നു. പ്രത്യേകിച്ച് ഭാഷാ വിഷയമാകുമ്പോള്‍ ഒരക്ഷരം മാറിയാല്‍ അര്‍ത്ഥം തന്നെ മാറുമെന്ന അവസ്ഥയുണ്ടായിരിക്കെ ഇത്രയും തെറ്റുകള്‍ ഉണ്ടായത് പ്രതിഷേധാര്‍ഹമാണെന്നും അധ്യാപകര്‍ പറഞ്ഞു.