ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍മന്ത്രിയുമായ ഇ. അഹമ്മദ് എംപിയുടെ മരണവിവരം മറച്ചുവെച്ചതിലുള്ള പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് പ്രകടിപ്പിച്ച് മകള്‍ ഫൗസിയ. അഹമ്മദിന്റെ ജനാസ ബുധനാഴ്ച രാവിലെ ഡല്‍ഹില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയോട് മകളുടെ വികാരപ്രകടനം.

‘ആ മുഖത്തേക്കൊന്നു നോക്കൂ, ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കണമെന്നായിരുന്നു’, ഡോ. ഫൗസിയ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

മുപ്പതുവര്‍ഷം പാര്‍ലമെന്റിലുണ്ടായിരുന്ന വ്യക്തിയാണ് ഈ കിടക്കുന്നതെന്നും, രോഷവും ദുഃഖവും കലര്‍ന്ന വാക്കുകളോടെ അഹമ്മദിനെ മകള്‍ മോദിയോടു പറഞ്ഞു. ആറുമണിക്കൂര്‍ പുറത്തു കാത്തുനിന്ന ശേഷമാണ് പിതാവിനെ ഒരുനോക്കു കാണാനായതെന്ന് മറ്റു മക്കളും ചൂണ്ടിക്കാട്ടി. അതേസമയം വിഷയത്തില്‍ അന്വേഷനം നടത്താം എന്ന മറുപടി നല്‍കിയാണ് പ്രധാനമന്ത്രി മടങ്ങിയത്.