ശ്രീജിവിന്റേത് കസ്റ്റഡി മരണം തന്നെയെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്. കസ്റ്റഡി മരണം മറച്ചുവയ്ക്കാന്‍ പൊലീസ് കള്ളതെളിവുണ്ടാക്കി. അന്ന് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. തന്റെ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ അവ്യക്തത. അത് മാറ്റാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് കംപ്ലയന്റ്‌സ് അതോറിറ്റി മുന്‍ ചെയര്‍മാനാണ് ജസ്റ്റിസ് നാരായണക്കുറുപ്പ്.

അതേസമയം ശ്രീജിവിന്റെ കൊലയാളികളായ പൊലീസുകാരെ ശിക്ഷിക്കണം എന്ന ആവശ്യവുമായി സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സരമം 765 ദിവസം പിന്നിട്ട അസാധാരണ സാഹചര്യത്തില്‍ പിന്തുണ പ്രഖ്യാപിച്ച് സൈബര്‍ ലോകം ഇന്ന് തെരുവിലിറങ്ങി. പ്രമുഖനല്ലാത്ത ശ്രീജിത്തിന് വേണ്ടി തുടങ്ങിയ ഹാഷ് ടാഗ് പ്രചരണം തെരുവിലേക്ക് ഇറങ്ങിയപ്പോള്‍ അത് മലയാളത്തിലെ വലിയൊരു കൂട്ടായ്മയായി മാറി. നിഷേധിക്കപ്പെട്ട നീതി ലഭിക്കാന്‍ പ്രമുഖനല്ലാത്ത ഒരു സാധാരണക്കാരന് വേണ്ടിയാണ് സൈബര്‍ ലോകം ഒറ്റക്കെട്ടായി തെരുവിലിറങ്ങിയത്.
24 മണിക്കൂറും മൊബൈലും ലാപ്പ്‌ടോപ്പും നോക്കിയിരിക്കുന്ന നിങ്ങളൊക്കെ നാട്ടില്‍ എന്തുമാറ്റം കൊണ്ട് വരാനാണെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ ആള്‍ക്കൂട്ടം തെളിയിച്ചത്. ആയിരക്കണക്കിന് പേര്‍ ശ്രീജിത്തിന് പിന്തുണയുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തി. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ജാഥയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും നേരത്തെ നടത്തിയിരുന്നു.