കൊച്ചി: പൊലീസ് ഡ്രൈവറായ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയെ അറസ്റ്റ് ചെയ്യാന്‍ തെളിവില്ലെന്ന് പൊലീസ്. ഇക്കാര്യം വ്യക്തമാക്കി പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം വേണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.

തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസ്‌കര്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കുമ്പോഴാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഗവാസ്‌കറിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടിയിരുന്നു. കേസ് ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.

ജൂണ്‍ 14-നാണ് സ്‌നിഗ്ധ ഗവാസ്‌കറെ മര്‍ദിച്ചത്. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും ഗവാസ്‌കറെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. സ്‌നിഗ്ധക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്.