മൂന്നാര്‍: മന്ത്രി എം എം മണി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ 20 ദിവസമായി നടത്തി വന്നിരുന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. ജൂണ്‍ 9 മുതല്‍ ഭൂസമരം നടത്തുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്.

പെമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതി അഗസ്റ്റിയന്‍, കൗസല്യ തുടങ്ങിയ നേതാക്കളാണ് മൂന്നാറില്‍ സത്യാഗ്രഹസമരം നടത്തി വന്നിരുന്നത്. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തില്‍ മന്ത്രി എം എം മണി പ്രസംഗിച്ചുവെന്ന് ആരോപിച്ചായിരുന്നു സമരം. ആദ്യം സത്യാഗ്രഹ സമരമായി തുടങ്ങിയ സമരം മൂന്നാം ദിവസം മുതല്‍ നിരാഹാര സമരമായി മാറ്റി. നിരാഹാര സമരം നടത്തിയ ഗോമിതിയുള്‍പ്പടെയുള്ളവരുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച ഇവര്‍ സമര പന്തലില്‍ തിരിച്ചെത്തി നിരാഹാര സമരം അവസാനിപ്പിക്കുകയും റിലേ സത്യാഗ്രഹം തുടരുകയുമായിരുന്നു. തൊഴിലാളി സ്ത്രീകളില്‍ നിന്നും നാട്ടുകാരില്‍ നിന്നും വലിയ പിന്തുണ ലഭിക്കാതെ വന്നതോടെയാണ് ഉപാധികളൊന്നും ഇല്ലാതെ ഇന്നലെ റിലേ സത്യാഗ്രഹ സമരവും അവസാനിപ്പിച്ചിരിക്കുന്നത്.