പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും. ലേലം ചെയ്‌തോ വില്‍പന നടത്തിയോ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാണ് ശ്രമിക്കുന്നത്.

ആഭ്യന്തര വകുപ്പ് വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിലാണ് പ്രതികളുടെ സ്വത്ത് കണ്ടെത്തുന്നതായി അറിയിച്ചത്. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപകരുടെ നഷ്ടം നികത്തുക എന്ന ഉദ്ദേശ്യത്തോടെ ഇത്തരമൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേല്‍, ഭാര്യ പ്രഭ, മറ്റ് മക്കളായ റിനു, റീബ, റിയ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് 125കോടിയോളം രൂപയുടെ ആസ്തിയുള്ളതായി കണ്ടെത്തിയിരുന്നു.

രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുള്ളത്. തമിഴ്‌നാട്ടില്‍ മൂന്നിടത്തായി 48 ഏക്കര്‍ സ്ഥലം, ആന്ധ്ര പ്രദേശില്‍ 22 ഏക്കര്‍, തിരുവനന്തുപുരത്ത് മൂന്ന് വില്ലകള്‍, കൊച്ചിയിലും തൃശ്ശൂരിലും ആഡംബര ഫ്‌ലാറ്റുകള്‍, പുണെ, തിരുവനന്തപുരം, പൂയപ്പള്ളി എന്നിവിടങ്ങളില്‍ ഓഫീസ് കെട്ടിടം എന്നിവയുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ സ്വത്ത് വകകള്‍ കണ്ട് കെട്ടാനാണ് തീരുമാനം.