ലോക്‌സഭാ തെരഞ്ഞെടുപ്പ് മത്സരരംഗത്തില്ലെങ്കിലും പ്രചാരണ രംഗത്ത് സജീവയായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വീണ്ടും സര്‍പ്രൈസുമായി ജനങ്ങളെ അതിശയിപ്പിച്ചു. പഞ്ചാബിലെ ബതിന്ദയില്‍ നടന്ന റാലിയില്‍ പഞ്ചാബി ഭാഷയില്‍ സംസാരിച്ചാണ് ജനങ്ങളെ കൈയ്യിലെടുത്തത്. ഹിന്ദിയില്‍ പ്രസംഗം ആരംഭിച്ച പ്രിയങ്ക പതിയെ പഞ്ചാബിയിലേക്ക് മാറുകയായിരുന്നു. ‘തന്റെ ഭര്‍ത്താവ് ഒരു പഞ്ചാബുകാരനാണ് അതിനാല്‍ ഞാന്‍ ഇവിടെ നില്‍ക്കുന്നതില്‍ അഭിമാനിക്കുന്നു’ എന്ന് പ്രിയങ്ക പഞ്ചാബിയില്‍ സംസാരിച്ചപ്പോള്‍ ജനങ്ങള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് അതിനെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ നരേന്ദ്രമോദിക്ക് ജയ് വിളിച്ചവരെ പ്രിയങ്ക അഭിവാദ്യം ചെയ്യുകയും കൈ കൊടുത്ത് ആശംസകള്‍ നേരുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം അവസാനിപ്പിച്ച് പ്രിയങ്ക ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു.