കൊല്ലം: മമ്മൂട്ടി നായകനായി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസിലെ പ്രൊമോ സോംഗ് തരംഗമാകുന്നു. എഡ്ഡീ..എഡ്ഡീ.. ഓനോട് മുട്ടണ്ടാ. എന്ന് തുടങ്ങുന്ന പ്രൊമോ സോങ്ങാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കൂടാതെ ഇത് യുറ്റിയൂബ് വഴി കണ്ട ദുബായില്‍ ജോലി നോക്കുന്ന അമേരിക്കന്‍ സ്വദേശി ഈഗാനം മൂളിയത് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് അതുക്കും മേലെ വൈറലായ അവസ്ഥയാണ്.

കരുനാഗപ്പള്ളി സ്വദേശി പി.എം.ഷാനാണ് രചനയും ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ യൂറ്റിയൂബില്‍ മൂന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. കൊല്ലം ഫാത്തിമ മാത കോളേജിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും. സംവിധായകന്‍ അജയ് വാസുദേവും തിരക്കഥാകൃത്ത് ഉണ്ണികൃഷ്ണനും പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയതെന്ന് ഷാന്‍ പറഞ്ഞു. ക്രിസ്മസ് റീലിസായ ചിത്രം ഡിസംബര്‍ 21 ന് പ്രദര്‍ശനത്തിനെത്തും. കുറ്റിവട്ടം ജംഗ്ഷനില്‍ ടാക്‌സി െ്രെഡവറായ ഷാന്റെ ഗാനങ്ങള്‍ മുമ്പും വൈറലായിട്ടുണ്ട്. നവമാധ്യമങ്ങളിലൂടെ പാട്ട് കണ്ട് നിരവധി അഭിനന്ദനങ്ങളാണ് ഷാനെ തേടിയെത്തുന്നത്. മമ്മൂട്ടി ആരാധകനായ ഷാന്‍ ഗ്രേറ്റ് ഫാദറിന് വേണ്ടിയും പ്രൊമോ ഗാനം ആലപിച്ചിട്ടുണ്ട്. ഈയിടെ പുറത്തിറങ്ങിയ മണ്ണിന്റെ മണമുള്ള ‘എന്റെ മലയാളം എന്റെ അഭിമാനം’ എന്ന ആല്‍ബം മെഗാഹിറ്റായിരുന്നു. 2015-ല്‍ നടന്ന കേരള സര്‍വകലാശാല യുവജനോത്സവത്തിന് തീം സോങ്ങ് രചിച്ചതും ആലപിക്കുകയും ചെയ്തത് ഷാനാണ്. കഴിഞ്ഞ 15 വര്‍ഷമായി സ്‌റ്റേജ് ഗാനമേളകളില്‍ പങ്കെടുക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍ ,ബിജു നാരായണന്‍, ഫ്രാങ്കോ എന്നിവര്‍ക്കൊപ്പം 25 ലധികം ആല്‍ബങ്ങളില്‍ ഗാനം ആലപിച്ചിട്ടുണ്ട്. സിനിമയില്‍ പാടിയതിന്റെ സന്തോഷത്തിലാണ് ഷാനിപ്പോള്‍. സജ്‌ന ഭാര്യയും ജിന്‍സാന മകളുമാണ്.