ബംഗളൂരു: വീട്ടുപടിക്കല്‍ അജ്ഞാതര്‍ വെടിവെച്ചു കൊന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം. കൊലപാതകത്തെ അപലപിച്ച് ബംഗളൂരു, ഡല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ്, മംഗളൂരു, മുംബൈ, പൂനെ തുടങ്ങി രാജ്യത്തെ മിക്ക നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. കേരളത്തിലും പ്രതിഷേധങ്ങള്‍ അരങ്ങേറി. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അനുവദിക്കുക, ഫാസിസത്തെ പ്രതിരോധിക്കുക തുടങ്ങിയ ആശയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു പ്രതിഷേധങ്ങള്‍. ഇന്നലെ വൈകിട്ട് എട്ടു മണിയോടെയാണ് രാജേശ്വരി നഗറിലെ വീട്ടുപടിക്കല്‍ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നത്. പോയിന്റ് ബ്ലാങ്കില്‍ നിന്നാണ് അക്രമികള്‍ 55കാരിയെ വകവരുത്തിയത്.
ഇന്നലെ വൈകിട്ട് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഗൗരിയുടെ ഭൗതിക ദേഹം ടി.ആര്‍ മില്‍സ് ഗ്രൗണ്ടില്‍ സംസ്‌കരിച്ചു. അമര്‍ രഹേ, അമര്‍ രഹേ, ഗൗരി ലങ്കേഷ് അമര്‍ രഹേ (ഗൗരി ലങ്കേഷ് ജീവിച്ചുകൊണ്ടേയിരിക്കും) എന്ന മുദ്രാവാക്യം വിളികളോടെയാണ് ജനം പ്രിയപ്പെട്ട എഴുത്തുകാരിക്ക് വിട നല്‍കിയത്.
പൊലീസ് നല്‍കിയ പ്രത്യേക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാരായ രാമലിംഗ റെഡ്ഢി, കെ.ആര്‍ രമേശ് കുമാര്‍, ഉമശ്രീ തുടങ്ങിയവര്‍ ഭൗതിക ദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. കൊലപാതകത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ അപലപിച്ചു. രണ്ടര വര്‍ഷത്തിനിടെ, സംസ്ഥാനത്ത് കല്‍ബുര്‍ഗിയുടേത് ഉള്‍പ്പെടെ 19 രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ അവയെ നേരിടുന്നതില്‍ പരാജയപ്പെട്ടതായി കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ആരോപിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു പ്രസ് ക്ലബ് ഭാരവാഹികള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പരാതി നല്‍കി.
Be the first to write a comment.