ഗസ്സ: ഓരോ ദിവസവും പ്രതിഷേധം കനക്കുമ്പോള്‍ ഗസ്സയിലെ ആസ്പത്രികള്‍ പരിക്കേറ്റവരെ കൊണ്ട് നിറയുന്നു. വെള്ളിയാഴ്ചയായ ഇന്നലെയും ഗസ്സ അതിര്‍ത്തിയിലേക്ക് ഫലസ്തീനികള്‍ മാര്‍ച്ച് നടത്തി. മാര്‍ച്ചിന് നേരെ ഇസ്രാഈല്‍ സൈന്യം ഇന്നലെയും അക്രമം അഴിച്ചു വിട്ടു. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരും മാര്‍ച്ചില്‍ പങ്കെടുത്തു.
ഗസ്സയിലും പരിസരത്തുമുള്ള 31 ആസ്പത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇത് വരെ 7,000 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ആസ്പത്രികള്‍ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ഫലസ്തീന്‍ സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കി. സര്‍ക്കാരും സന്നദ്ധ സംഘടനകളുമാണ് ഭൂരിഭാഗം ആസ്പത്രികളും നടത്തുന്നത്. 1976ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചു വരാനുള്ള അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രാഈല്‍ വെടിവച്ചു കൊലപ്പെടുത്തിയതിന്റെ ഓര്‍മ പുതുക്കലായാണ് മാര്‍ച്ച് 30ന് ഭൂമി ദിനമായി ആചരിക്കുന്നത്. 2014ല്‍ നടന്ന ഗസ്സ യുദ്ധത്തിന് ശേഷം അതിര്‍ത്തിയില്‍ ഏറ്റവും രൂക്ഷമായ സംഘര്‍ഷമാണ് നടക്കുന്നത്. 38 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം 2005ല്‍ ഇസ്രാഈല്‍ സൈന്യം പിന്‍വാങ്ങിയ ഗസ്സയിലാണ് റാലിയ്ക്കായി ഫലസ്തീന്‍ പൗരന്മാര്‍ ഒത്തു ചേര്‍ന്നത്. മാര്‍ച്ച് 30ന് ശേഷം തുടര്‍ച്ചയായി ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ സൈന്യം അക്രമം അഴിച്ചു വിടുകയാണ്. മാര്‍ച്ച് 30ന് അതിര്‍ത്തിയിലേക്ക് ഫലസ്തീനികള്‍ നടത്തിയ മാര്‍ച്ചിന് നേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ 42 പേരാണ് കൊല്ലപ്പെട്ടത്. 4000 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നലെയും ഫലസ്തീനികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് നേരെ ഇസ്രാഈല്‍ സൈന്യം വെടിയുതിര്‍ത്തു. വെടിവയ്പ്പില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.