ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ശബരിമലയിലേക്ക് പ്രവര്‍ത്തകരെ അയക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയത് സമ്മതിച്ച് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ശബരിമലയില്‍ നടന്ന പൊലീസ് മര്‍ദനത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ സര്‍ക്കുലറിനെ പറ്റി സിപിഎം ആരോപണം ഉന്നയിക്കുന്നത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി റഗുലറായി സര്‍ക്കുലര്‍ ഇറക്കുന്നതല്ലേ, ഞങ്ങളുടെ നിലപാട് സുവ്യക്തമല്ലേ? ഒക്ടോബര്‍ ഒന്നുമതല്‍ ബിജെപി സമരത്തിലാണ്. ആ സമരത്തില്‍ ആളുകളെ സംഘടിപ്പിച്ചുകൊടുക്കുക എന്നത് പാര്‍ട്ടിയുടെ പ്രതിബദ്ധതയാണ്. സിപിഎം ആളുകളെ തെറ്റിദ്ധരിപ്പിക്കുയാണ്. ആടിനെ പട്ടിയാക്കുന്ന ഏര്‍പ്പാടാണ് സിപിഎം നടത്തുന്നത്. മുഖ്യമന്ത്രിയുടെ ആരോപണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.