പാരീസ്: ഫ്രഞ്ച് ലീഗായ ലീഗ് വണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പാരീസ് സെന്റ് ജര്‍മയ്‌നിനു തുടര്‍ച്ചയായ നാലാം ജയം. സെന്റ് എറ്റീനെയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് പി.എസ്.ജി കീഴടക്കിയത്. വിജയത്തോടെ നാല് മത്സരങ്ങളില്‍ നിന്നും 12 പോയിന്റുമായി പി.എസ്.ജിയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. തുടര്‍ച്ചായി രണ്ട് മത്സരങ്ങളിലും ഗോള്‍ നേടിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ എറ്റിനെക്കെതിരായ മത്സരത്തില്‍ ഗോള്‍ നേടിയില്ലെങ്കിലും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കി ടീമിന് തന്റേതായ സംഭാവന മൂന്നാം മത്സരത്തില്‍ അര്‍പ്പിച്ചു. 19-ാം മിനിറ്റില്‍ എഡിസന്‍ കാവാനിയാണ് പി.എസ്.ജിയുടെ ആദ്യ ഗോള്‍ നേടിയത്. നെയ്മറുടെ പാസ് സ്വീകരിക്കുന്നതിനിടെ കവാനിയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി കവാനി ഗോളാക്കി മാറ്റി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടു നിന്ന പി.എസ്.ജിക്കു വേണ്ടി രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ ക്യാപ്റ്റന്‍ തിയാഗോ മോട്ട രണ്ടാം ഗോള്‍ നേടി. നെയ്മറുടെ ഫ്രീകിക്ക് എറ്റീനെ ഗോള്‍മുഖത്തുണ്ടാക്കിയ കൂട്ടപ്പൊരിച്ചിലിനിടെയാണ് തിയാഗോ പന്ത് വലയിലെത്തിച്ചത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയിച്ച എറ്റീനെയുടെ ആദ്യ തോല്‍വിയാണിത്. 89-ാം മിനിറ്റില്‍ കവാനി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.