ചെന്നൈ: പുതുച്ചേരിയില്‍ ഭരണം പിടിക്കാനുള്ള ബിജെപി ശ്രമത്തിനു തിരിച്ചടി. സഖ്യം വിട്ട് എന്‍ആര്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കാനൊരുങ്ങുകയാണ്. ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം കൊടുക്കാമെന്നു ബിജെപി വാക്കുനല്‍കാത്തതാണു കാരണം. സംസ്ഥാന ചുമതലയുള്ള ബിജെപി നേതാവ് നിര്‍മല്‍ കുമാര്‍ അനുനയത്തിനെത്തിയെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് എന്‍ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍. രംഗസാമി അറിയിച്ചതായാണു സൂചന.

30 മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ ഒറ്റ സീറ്റുപോലും ജയിക്കാത്ത ബിജെപിക്കു മുന്നണിയുടെ ചുക്കാന്‍ കൊടുക്കാനാകില്ലെന്ന് അദ്ദേഹം പറയുന്നു. ഒറ്റയ്ക്കു മത്സരിച്ച എന്‍ആര്‍ കോണ്‍ഗ്രസ് 7 സീറ്റില്‍ ജയിച്ചിരുന്നു.

പുതുച്ചേരിയില്‍ ബിജെപി മുഖ്യമന്ത്രി അധികാരമേല്‍ക്കുമെന്നു കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അമിത് ഷാ പ്രസംഗിച്ചതാണ് എന്‍ആര്‍ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. മുന്നണിയിലെ മറ്റൊരു കക്ഷിയായ അണ്ണാഡിഎംകെ നിലപാടു വ്യക്തമാക്കിയിട്ടില്ല.